പ്രശസ്‌ത മാധ്യമ പ്രവർത്തകനായ രവിഷ് കുമാറിന് മഗ്സസെ പുരസ്ക്കാരം


ന്യൂഡൽഹി: പ്രശസ്‌ത മാധ്യമ പ്രവർത്തകനായ രവിഷ് കുമാറിന് മഗ്സസെ പുരസ്ക്കാരം. നോബലിന് തുല്യമായി ഏഷ്യയിൽ നൽകിവരുന്ന പുരസ്‌ക്കാരമാണ് റാമോൺ മഗ്സസെ അവാർഡ്. 2019 ലെ മഗ്സസെ അവാർഡിന് അർഹരായ അഞ്ച് പേരിൽ ഒരാളാണ് രവിഷ് കുമാർ. എൻ‌.ഡി‌.ടി‌.വിയുടെ ഹിന്ദി വാർത്ത അവതാരകനാണ് രവിഷ് കുമാർ. “ശബ്ദമില്ലാത്തവരുടെ ശബ്ദമാവാൻ പത്രപ്രവത്തനത്തെ ഉപയോഗപ്പെടുത്തുന്നു” എന്നതാണ് രവിഷ് കുമാറിനെ പുരസ്‌ക്കാര യോഗ്യനാക്കുന്നതെന്ന് റാമോൺ മഗ്സസെ അവാർഡ് ഫൗണ്ടേഷൻ നിരീക്ഷിച്ചു.
സമതുലിതവും വസ്തുതാധിഷ്ഠിതവുമായ പത്രപ്രവത്തനത്തിന്റെ മൂല്യങ്ങൾ പ്രായോഗികമായി ഉയർത്തിപ്പിടിക്കണമെന്ന് നിർബന്ധം പിടിക്കുന്ന, ശാന്തവും അതേസമയം ഊർജ്ജസ്വലതയും, അറിവും ഉള്ള അവതാരകനായാണ് രവിഷ് കുമാറിനെ പുരസ്ക്കാരം സമിതി വിശേഷിപ്പിക്കുന്നത്. “നിങ്ങൾ ജനങ്ങളുടെ ശബ്ദമായി മാറുന്നു എങ്കിൽ, നിങ്ങൾ ഒരു പത്രപ്രവർത്തകനാകുന്നു” സമിതി അഭിപ്രായപ്പെട്ടു.
റിപ്പോർട്ട് ചെയ്യപ്പെടാത്ത പ്രശ്നങ്ങളും സാധാരണക്കാരുടെ യഥാർത്ഥ ജീവിതവും കൈകാര്യം ചെയ്യുന്ന മികച്ച വാർത്ത പരിപാടിയാണ് രവിഷ് കുമാർ അവതാരകനായിട്ടുള്ള “പ്രൈം ടൈം” എന്ന് ഫൗണ്ടേഷൻ വിലയിരുത്തി. 1996 മുതൽ എൻ‌.ഡി‌.ടി‌.വിക്കൊപ്പം പ്രവർത്തിച്ചു വരുന്ന രവിഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിനെയും നിർഭയമായി വിമര്ശിക്കുന്നതിന്റെ പേരിൽ പലപ്പോഴും ഭീഷണികൾ നേരിട്ടിട്ടുണ്ട്.
മ്യാൻമറിൽ നിന്നുള്ള കോ സ്വീ വിൻ, തായ്‌ലൻഡിൽ നിന്നുള്ള അങ്കാന നീലപൈജിത്, ഫിലിപ്പൈൻസിൽ നിന്നുള്ള റെയ്മുണ്ടോ പുജന്തെ കയാബ്, ദക്ഷിണ കൊറിയയിൽ നിന്നുള്ള കിം ജോങ്-കി എന്നിവരാണ് മറ്റ് നാല് വിജയികൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed