പ്രതിസന്ധി രൂക്ഷമാകുന്നു; കര്‍ണാടകയില്‍ ഒരു മന്ത്രി കൂടി രാജി വച്ചു
ബംഗളൂരു: കര്‍ണാടകയില്‍ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കി വീണ്ടും രാജി. സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷാണ് ഏറ്റവും ഒടുവിൽ രാജിവച്ചത്. സർക്കാരിനെ വീഴ്ത്താൻ ഓപ്പറേഷൻ കമലയുമായി ബിജെപി ആദ്യം ശ്രമിച്ചപ്പോൾ അതിനൊപ്പം നിന്ന് സർക്കാരിനുള്ള പിന്തുണ പിൻവലിച്ച നാഗേഷ് ഒരുമാസം മുമ്പാണ് ഭരണപക്ഷത്തിനൊപ്പം ചേർന്ന് മന്ത്രിയായത്. ബിജെപി സർക്കാരുണ്ടാക്കിയാൽ പിന്തുണക്കുമെന്നും എച്ച്. നാഗേഷ് കത്ത് മുഖേന അറിയിച്ചിട്ടുണ്ട്.
ഇതിനിടെ കായികമന്ത്രിയും കോൺഗ്രസ് നേതാവുമായ റഹീം ഖാനും ഉടൻ രാജിനൽകുമെന്നാണ് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ വസതിയിൽ ചേരുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ച റഹീം ഖാൻ തന്റെ പ്രശ്നങ്ങൾ അവതരിപ്പിക്കുമെന്നും പരിഹാരമായില്ലെങ്കിൽ രാജിവെക്കാൻ നിർബന്ധിതനാകുമെന്നും പി.ടി.ഐയോട് അദ്ദേഹം പറഞ്ഞു.
കെ.സി വേണുഗോപാലിനെ രൂക്ഷമായി വിമർശിച്ചതിന് പാർട്ടി നടപടി നേരിട്ട ശിവാജിനഗർ എംഎൽഎ റോഷൻ ബെയ്ഗും റിബൽ ക്യാമ്പുമായി ബന്ധപ്പെടുന്നുണ്ട്. ബെയ്ഗും കൂടി രാജി രാജിവച്ചാൽ സർക്കാർ ന്യൂനപക്ഷമാകും. രാജിനൽകിയവരുടെ രാജിക്കത്തുകൾ ഇതുവരെ സ്പീക്കർ സ്വീകരിച്ചിട്ടില്ല. കർണാടകത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും ഡി.കെ ശിവകുമാറിന്റെയും നേതൃത്വത്തിലാണ് സർക്കാരിനെ രക്ഷിച്ചെടുക്കാനുള്ള തന്ത്രങ്ങൾ മെനയുന്നത്. മന്ത്രിസഭ അടിമുടി പുന:സംഘടിപ്പിക്കുമെന്ന് ഡി.കെ ശിവകുമാറിന്റെ സഹോദരൻ ഡി.കെ സുരേഷ് അറിയിച്ചു. വിമതർക്ക് മന്ത്രിപദവി വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും അവർ ഇതുവരെ അതിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല.

