അഞ്ച് ദിവസത്തെ കഠിന പരിശ്രമം വെറുതെയായി: കുഴൽക്കിണറിൽ വീണ രണ്ടു വയസുകാരന്റെ ജീവൻ രക്ഷിക്കാനായില്ല

ഉപേക്ഷിക്കപ്പെട്ട കുഴൽക്കിണറിൽ 115 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടന്നിരുന്നത്. സൈന്യത്തിലെയും ദേശീയദുരന്തനിവാരണസേനയിലെയും 26 അംഗ ദൗത്യസംഘം രാപകൽ ഭേദമന്യേ നടത്തിയ രക്ഷാപ്രവർത്തനത്തിന് ശേഷമാണ് കുട്ടിയെ പുറത്തെടുത്തത്.
കുഞ്ഞുവീണയിടത്തിന് സമാന്തരമായെടുത്ത കുഴിയിൽനിന്ന് 36 ഇഞ്ച് വ്യാസത്തിൽ ഒരു കുഴൽ കിണറിന്റെ അടിവശത്തേക്ക് ബന്ധിപ്പിച്ച് ഇതിലൂടെയാണ് കുട്ടിയെ പുറത്തെടുത്തത്. പുറത്തെടുത്ത ഉടനെ തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകി കുട്ടിയെ വിദഗ്ധ ചികിത്സ ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സിമന്റ് ചാക്കുകൊണ്ട് അടച്ചിരുന്ന കുഴൽക്കിണറിലേക്ക് ജൂൺ ആറിന് വൈകീട്ട് നാലോടെയാണ് ഫത്തേഹ്വീർ സിങ് വീണത്. ജൂൺ എട്ടിന് രാവിലെ അഞ്ചിനാണ് കുഞ്ഞിന്റെ അനക്കം ഒടുവിൽ റിപ്പോർട്ടുചെയ്തത്. ഇതിന് ശേഷം കുട്ടിയുടെ ചലനം രേഖപ്പെടുത്താൻ സാധിച്ചിട്ടില്ല.
നാലുദിവസം കഴിഞ്ഞിട്ടും കുട്ടിയെ രക്ഷിക്കാൻ സാധിക്കാത്തതിൽ പ്രകോപിതരായ ജനനക്കൂട്ടം റോഡുപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പ്രതിഷേധങ്ങൾക്കിടെ 24 മണിക്കൂറിനുള്ളിൽ തുറന്നുകിടക്കുന്ന മുഴുവൻ കുഴൽ കിണറുകളും അടയ്ക്കണമെന്ന് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീനന്ദർ സിങ് ഉത്തരവിട്ടിട്ടുണ്ട്.