ഭീകരാക്രമണ ഭീഷണി വ്യാജം; സന്ദേശം നൽകിയ ബെംഗളൂരു സ്വദേശി അറസ്റ്റിൽ

ബെംഗളൂരു: കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ ഭീഷണി സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബെംഗളൂരു പൊലീസ്. വ്യജ സന്ദേശം പൊലീസിനെ വിളിച്ച് അറിയിച്ചതിന് ബെംഗളൂരു റൂറൽ ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തതു. ഇന്നലെ വൈകീട്ട് അഞ്ചരയ്ക്കാണ് സിറ്റി പൊലീസിനെ വിളിച്ച് കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം നൽകിയത്. ഫോൺ നന്പർ പിൻതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്വാമി സുന്ദരമൂർത്തിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
സൈന്യത്തിൽ നിന്ന് വിരമിച്ച സുന്ദരമൂർത്തി ഇപ്പോൾ ആവലഹള്ളിയിൽ ലോറി ഡ്രൈവറാണ്. ഭീകരാക്രമണ സാധ്യതയുണ്ടെന്ന് ആശങ്കയുണ്ടെന്നും അത് വിളിച്ച് അറിയിക്കുകയാണ് ചെയ്തതെന്നുമാണ് സുന്ദരമൂർ്‍ത്തി പൊലീസിനോട് പറഞ്ഞത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
കേരളം അടക്കം എട്ട് സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്തുമെന്ന ഭീഷണി സന്ദേശം കിട്ടിയെന്നും ജാഗ്രത പാലിക്കണമെന്നും ഇന്നലെ വൈകീട്ട് ബംഗലൂരു പൊലീസ് കേരളത്തെ അറിയിച്ചിരുന്നു. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്ന സന്ദേശത്തിന് പിന്നാലെ സംസ്ഥാനത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ട്രെയിനുകളിൽ സ്ഫോടനം നടത്തുമെന്നും ഇതിനായി 19 തീവ്രവാദികൾ രമേശ്വരത്ത് എത്തിയെന്നുമായിരുന്നു ഭീഷണി സന്ദശം.