ശ്രീലങ്കയിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ ഉൾപ്പെടെ പതിനഞ്ച് പേർ കൊല്ലപ്പെട്ടു

കൊളംബോ: ശ്രീലങ്കയിൽ ഐ.എസ്.ഐ.എസ് ഭീകരരുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ വധിച്ചു. ഏറ്റുമുട്ടലിന് ശേഷം സൈന്യം നടത്തിയ തിരച്ചിലിനിടെ ആറ് കുട്ടികൾ ഉൾപ്പെടെ പതിനഞ്ചോളം പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി ശ്രീലങ്കൻ പൊലീസ് വ്യക്തമാക്കി. മരിച്ചവരിൽ മൂന്ന് സ്ത്രീകളും ആറ് കുട്ടികളും ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പുരുഷന്മാരും ഉൾപ്പെടുന്നു.
കൽമുനായിയിൽ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന വീട് പരിശോധിക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സൈനിക വക്താവ് സുമിത് അട്ടപ്പട്ടു അറിയിച്ചു. വീട്ടിൽ സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഭീകരർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.
വീട്ടുകാർക്കൊപ്പം താമസിക്കുകയായിരുന്ന മൂന്ന് ഐ.ഐസ്.ഐ.എസ് ചാവേറുകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ചാവേറുകളുടെ മൃതദേഹം വീടിന് പുറത്തും വീട്ടുകാരുടെ മൃതദേഹം വീടിനുള്ളിലുമായാണ് കാണപ്പെട്ടത്. ഈസ്റ്റർ ദിനത്തിലെ ഭീകരാക്രമണത്തെ തുടർന്ന് ശ്രീലങ്കയിൽ സൈനിക നടപടി ശക്തിപ്പെടുത്തിയിരുന്നു. എല്ലാ വീടുകളിലും പരിശോധന നടത്തുമെന്നും അനധികൃത താമസക്കാരെ കണ്ടെത്തുമെന്നും പ്രസിഡണ്ട് മൈത്രിപാല സിരിസേന നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ നടന്നത്.