വിവാഹേതര ബന്ധത്തിൽ സ്ത്രീകളും കുറ്റക്കാരാകും : നിയമഭേതഗതിക്ക് വഴിയൊരുങ്ങുന്നതായി സൂചന

ന്യൂഡൽഹി : വിവാഹേതര ബന്ധത്തിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകളെക്കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്കൊരുങ്ങി കേന്ദ്ര സർക്കാർ. സ്ത്രീകളെ ഇരയായിക്കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്. പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. വിവാഹിതയുമായി അവിഹിതബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. ഭാരതീയ സംസ്കാരത്തിൽ വിവാഹത്തിന്റെ സംശുദ്ധി നിലനിർത്താൻ വകുപ്പ് അനിവാര്യമാണെന്ന് സർക്കാർ പറയുന്നു. പരപുരുഷബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂർണസംരക്ഷണം നൽകുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, ‘മറ്റൊരാളുടെ ജീവിതപങ്കാളിയുമായി ലൈംഗികബന്ധത്തിലേർപ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം’ എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാർശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്.
വിവാഹേതരബന്ധം കുറ്റം തന്നെയാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരവും ഘടനയും കണക്കിലെടുക്കുന്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഈ വകുപ്പ് ആവശ്യമാണ്. എന്നാൽ, അതു ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ലോ കമ്മീഷൻ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു. പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ നിലവിൽ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷന് അഞ്ചുവർഷംവരെ ശിക്ഷ ലഭിക്കുകയും ചെയ്യും. എന്നാൽ, പരസ്ത്രീഗമനം നടത്തിയ പുരുഷന്റെ ഭാര്യയ്ക്ക് പരാതിപ്പെടാനും വകുപ്പില്ല. എൺപതോളം രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള വിവാഹേതരബന്ധം കുറ്റകരമല്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പും ക്രിമിനൽ നടപടിച്ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹർജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്. പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ് 497-ാം വകുപ്പെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
വകുപ്പിന്റെ നിയമസാധുതയിൽ സുപ്രീംകോടതി നേരത്തേ സംശയമുന്നയിച്ചിരുന്നു. ഒരു സ്ത്രീ, ഭർത്താവിന്റെ സമ്മതത്തോടെ പരപുരുഷബന്ധത്തിലേർപ്പെട്ടാൽ കുറ്റകരമല്ല എന്നുവരുന്പോൾ, അവൾ ഉപഭോഗവസ്തുവായി മാത്രം ചുരുങ്ങുകയല്ലേയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സമൂഹം പുരോഗമിക്കുന്നതിനനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്നും 497-ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം വാക്കാൽ നിരീക്ഷിച്ചു.