കാറിന്റെ ഗ്ലാസ് തകർത്ത് മോഷണം : രണ്ട് പേർ പിടിയിൽ

പാലക്കാട് : ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ നിർത്തിയിട്ട കാറിൽ മോഷണം നടത്തിയ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 30ന് രാത്രി പാലക്കാട് ടൗണിലെ നൂർജഹാൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ യാത്രക്കാരുടെ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് കല്ലുകൊണ്ട് തകർത്ത് കാറിലുണ്ടായിരുന്ന 22 പവനോളം കവർന്ന രണ്ട് പേരെ പാലക്കാട് ടൗൺ സൗത്ത് പോലീസ് പിടികൂടി. തമിഴ്നാട് മധുര കടച്ചന്തൽ മുരുകൻ (33), കോയന്പത്തൂർ സുലൂർ കണ്ണംപാളയം സ്വദേശി ശിവ (32) എന്നിവരാണ് പിടിയിലായത്.
ബന്ധുക്കളായ രണ്ട് പേരും മധുരയിൽ നിന്നും സ്കോർപ്പിയോ കാർ എടുത്ത് കേരളത്തിലെത്തിവാളയാർ, ആലത്തൂർ, വടക്കഞ്ചേരി ഭാഗങ്ങളിൽ സഞ്ചരിച്ച് ഏഴോളം കാറുകൾ തകർത്ത് കവർച്ചാ ശ്രമം നടത്തി. ഇതിൽ ആലത്തൂരിലും പാലക്കാട് ടൗണിലുമാണ് സ്വർണം നഷ്ടപ്പെട്ടതുമായി പരാതി എത്തിയതും അന്വേഷണം ആരംഭിച്ചതും. കേരളത്തിൽ വാഹനത്തിലെത്തിയ കവർച്ചാ സംഘത്തിൽ ഡൽഹിയിൽ നിന്ന് വിമാനത്തിലെത്തിയ യുവാക്കളും സംഘത്തിൽ ചേർന്നിട്ടുണ്ട്. മോഷണം നടത്തിയ ഉടൻതന്നെ മധുരയിലെത്തി ഡൽഹിയിലേക്ക് വിമാന മാർഗം പോകുകയായിരുന്നു. മോഷണത്തിന് പിന്നിൽ വൻ റാക്കറ്റുള്ളതായി സംശയിക്കുന്നു.
ആഡംബര ജീവിതം നയിക്കുന്ന പ്രതികൾ ആദ്യമായാണ് പോലീസ് പിടിയിലായത്. പ്രതികളെ രണ്ട് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ടൗൺ സൗത്ത് സർക്കിൾ ഇൻസ്പെക്ടർ മനോജ് കുമാറിന്റെ നേതൃത്വത്തിൽ സൗത്ത് എസ് ഐമാരായ മുരളീധരൻ, അൻഷദ്, സീനിയർ സിപിഒ ബാലകൃഷ്ണൻ, ക്രൈം സ്ക്വാഡ് അംഗങ്ങളാടങ്ങിയ സംഘം പിടികൂടിയത്.