ചേലാകർമ്മം പോലുള്ള ആചാരങ്ങൾ വിലക്കണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : ചേലാകർമ്മം പോലുള്ള ആചാരങ്ങൾ നിരോധിക്കണമെന്ന് സുപ്രീംകോടതി. മതപരമായ ആചാരങ്ങളുടെ പേരിലാണെങ്കിൽ പോലും സ്ത്രീകളുടെ ശരീരത്തിൽ തൊടാൻ ആർക്കും അധികാരം നൽകിയിട്ടില്ലെന്നും വിശ്വാസത്തിന്റെ പേരിൽ സ്ത്രീകളുടെ ശരീരഭാഗങ്ങളിൽ മാറ്റം വരുത്താൻ അനുവദിക്കാനാകില്ലെന്നും ചേലാകർമ്മം പേലുള്ള ആചാരങ്ങൾ പൂർണമായി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിർദ്ദേശിച്ചു.
അതേസമയം, ഇത്തരം കാര്യങ്ങൾ വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണെന്നും അത് തുടരാൻ ഭരണഘടനയുടെ 25, 26 അനുച്ഛേദങ്ങൾ പ്രകാരം സാധ്യമാണെന്നും ദാവൂദി ബോറ സമുദായത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിംഗ്വി വാദിച്ചു. എന്നാൽ, ഇത്തരം സംഭവങ്ങൾ നിരവധി രാജ്യങ്ങൾ നിരോധിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ, ഇന്ത്യയിലും ഇത് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു.