രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ

ബെംഗളൂരു : കർണാടകത്തിൽ പരസ്പരം ഏറ്റുമുട്ടി കോൺഗ്രസും ബി.ജെ.പിയും. കഴിഞ്ഞ ദിവസം നടന്ന സമ്മേളനത്തിൽ രാഹുഗാന്ധിയെ പരിഹസിച്ചുകൊണ്ടായിരുന്നു ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ പ്രസംഗം. ബിദറിൽ നടത്തിയ പ്രസംഗത്തിനിടെയാണ് അമിത് ഷാ രാഹുൽ ഗാന്ധിയുടെ ചോദ്യങ്ങളെ പരിഹസിച്ചത്.
നാല് വർഷംകൊണ്ട് പ്രധാനമന്ത്രി എന്തു ചെയ്തെന്നാണ് രാഹുൽ തുടർച്ചയായി ഉച്ചത്തിൽ ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. മോദിജി പറയൂ, എന്താണ് കഴിഞ്ഞ നാലുവർഷംകൊണ്ട് ചെയ്തത് രാഹുലിന്റെ പ്രസംഗത്തെ അനുകരിച്ചുകൊണ്ടാണ് അമിത് ഷാ രാഹുലിനെ പരിഹസിച്ചത്.
രാഹുൽ ബാബ, എന്തിനാണ് നിങ്ങൾ ഇത്രമാത്രം ഒച്ചയുണ്ടാക്കുന്നത്? എന്തിനാണ് കഴിഞ്ഞ നാല് വർഷത്തെ കാര്യം നിങ്ങൾ ചോദിക്കുന്നത്? കഴിഞ്ഞ നാല് തലമുറകളായി കോൺഗ്രസ് നേതൃത്വം ഇവിടെ എന്തുചെയ്തു എന്നാണ് ഈ രാജ്യത്തെ ജനങ്ങൾ ചോദിക്കുന്നത്− അമിത് ഷാ പറഞ്ഞു.
രാജ്യത്തിന്റെ കാവൽക്കാരനായി ഭാവിക്കുന്ന അമിത് ഷാ കർണാടകത്തിലെത്തി, അഴിമതിയുടെ പേരിൽ ജയിൽ വാസമനുഭവിച്ച ബി.എ.സ് യദ്യൂരപ്പയ്ക്കൊപ്പം അഴിമതിയ്ക്കെതിരായി പ്രസംഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചിരുന്നു. റഫേൽ ഇടപാട് സംബന്ധിച്ചും നീരവ് മോദിനടത്തിയ 11,300 കോടിയുടെ വായ്പാ തട്ടിപ്പ് സംബന്ധിച്ചും പ്രധാനമന്ത്രി പ്രതികരിക്കാത്തതിനെ രാഹുൽ ഗാന്ധി രൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ അതിസന്പന്നരെ സഹായിക്കുകയാണ് മോദി ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.