മലയാളിയായ കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറല്‍ ആയേക്കും

ന്യൂഡൽഹി : മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായ കെ.കെ വേണുഗോപാല്‍ രാജ്യത്തിന്റെ പതിനഞ്ചാമത് അറ്റോര്‍ണി ജനറല്‍ ആയേക്കും. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുത്തെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശപര്യടനം കഴിഞ്ഞെത്തിയാല്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുകുള്‍ റോത്ത്ഗിയുടെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം.
ഭരണഘടനാ വിദഗ്ധനായാണ് 86 കാരനായ കെ.കെ വേണുഗോപാല്‍ അറിയപ്പെടുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിഷ് സാല്‍വെ, സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ എന്നിവരുടേ പേരുകള്‍ നേരത്തെ പറഞ്ഞ് കേട്ടിരുന്നു. കഴിഞ്ഞ ആറുപത് വര്‍ഷമായി സുപ്രിം കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് കെ.കെ വേണുഗോപാല്‍. 1960 മുതല്‍ അദ്ദേഹം വിവിധ കേസുകളില്‍ സുപ്രിം കോടതിയില്‍ ഹാജരാകുന്നുണ്ട്. 1972 ല്‍ സുപ്രിം കോടതി അദ്ദേഹത്തിന് മുതിര്‍ന്ന അഭിഭാഷകനെന്ന വിശേഷണം നല്‍കി. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ല്‍ മൊറാര്‍ജി ദേശായി സര്‍ക്കാര്‍ അദ്ദേഹത്തെ അഡീഷണല്‍ സൊളിസിറ്റര്‍ ജനറലായി നിയമിച്ചു.
മുകുള്‍ റോത്ത്ഗിയുടെ കാലാവധി ഈ മാസം 11 ന് അവസാനിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഒരു വര്‍ഷം കാലാവധി നീട്ടി നല്‍കിയെങ്കിലും റോത്ത്ഗി താത്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. തനിക്ക് സ്വകാര്യ പ്രാക്ടീസിലേക്ക് മടങ്ങിപ്പോകണമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.