ഹാലെ ഓപ്പണ്‍ ടെന്നീസ് കിരീടം റോജര്‍ ഫെഡറര്‍ക്ക്

ഹാലെ : ഹാലെ ഓപ്പണ്‍ ടെന്നീസ് കിരീടം സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക്. ഇന്നലെ നടന്ന ഫൈനലില്‍ റഷ്യയുടെ അലക്‌സാണ്ടര്‍ സവറേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്പിച്ചായിരുന്നു ഫെഡററുടെ കിരീടവിജയം. സ്‌കോര്‍ 6-1, 6-3.
ഒമ്പതാം തവണയാണ് ഫെഡറര്‍ ഹാലെ ഓപ്പണില്‍ കിരീടം ചൂടുന്നത്. ഇതോടെ ഓപ്പണ്‍ യുഗത്തില്‍ ഒരു കിരീടം എട്ടില്‍ കൂടുതല്‍ തവണ നേടുന്ന രണ്ടാമത്തെ താരമെന്ന ബഹുമതിയും ഫെഡറര്‍ സ്വന്തമാക്കി. സ്‌പെയിനിന്റെ റഫേല്‍ നദാല്‍ മോണ്ടി കാര്‍ലൊ, ബാഴ്‌സലോണ ഓപ്പണ്‍, ഫ്രഞ്ച് ഓപ്പണ്‍ കിരീടങ്ങള്‍ 10 തവണ വീതം നേടിയിട്ടുണ്ട്. കരിയറിലെ 92 ആം സിംഗിള്‍ കിരീടവും സീസണിലെ നാലാം കിരീടവുമാണ് ഫെഡറർ ഹാലെയില്‍ സ്വന്തമാക്കിയത്. നേരത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ബിഎന്‍പി പാരിബാസ് ഓപ്പണ്‍, മിയാമി ഓപ്പണ്‍ കിരീടങ്ങളും ഫെഡറര്‍ സ്വന്തമാക്കിയിരുന്നു.
കിരീട വിജയത്തോടെ അടുത്ത ആഴ്ച ആരംഭിക്കുന്ന വിംബിള്‍ഡണിന് പൂര്‍ണ സജ്ജനാണ് താനെന്ന് തെളിയിക്കാനും സ്വിസ് താരത്തിനായി. ജൂലൈ മൂന്ന് മുതല്‍ 17 വരെയാണ് വിംബിള്‍ഡണ്‍ നടക്കുന്നത്.