കോണ്‍ഗ്രസ് – ഇടത് ഐക്യത്തിനു തടസം കേരളത്തിലെ സിപിഎം നേതൃത്വമെന്ന് എ.കെ. ആന്‍റണി

ന്യൂഡൽഹി : നരേന്ദ്ര മോദിക്കെതിരായ കോണ്‍ഗ്രസ് – ഇടത് ഐക്യത്തിനു തടസം കേരളത്തിലെ സിപിഎം നേതൃത്വമെന്ന് എ.കെ. ആന്‍റണി. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകൂവെന്നും എ.കെ. ആന്‍റണി പറഞ്ഞു. സിപിഎം സംസ്ഥാന നേതൃത്വത്തിനു ഭാവിയില്‍ ദേശീയ രാഷ്ട്രീയത്തിലെ മുന്നേറ്റത്തിനൊപ്പം നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
കോണ്‍ഗ്രസുമായുള്ള സഖ്യം ആത്മഹത്യാപരമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം നിലപാടറിയിച്ചത്. ബംഗാള്‍ ഘടകം ക്ഷയിച്ചതോടെ സിപിഎമ്മിന്‍റെ ദേശീയ നേതൃത്വത്തില്‍ സ്വാധീനം ചെലുത്തുന്നതു കേരള ഘടകമാണെന്നു ചൂണ്ടിക്കാട്ടിയ ആന്‍റണി, ദേശീയതലത്തിലെ ഇടതു – കോണ്‍ഗ്രസ് ഐക്യത്തിനുള്ള ഏക പ്രതിബന്ധം സിപിഎം സംസ്ഥാനനേതൃത്വമാണെന്നും വിമര്‍ശിച്ചു.
സംസ്ഥാനത്തു വിയോജിപ്പുകളുള്ളപ്പോള്‍ തന്നെ പൊതുശത്രുവിനെതിരെ ദേശീയതലത്തില്‍ ഒന്നിക്കാമെന്നതിന് ഉദാഹരണമായി തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള സഹകരണം ആന്‍റണി എടുത്തുപറയുന്നു. എന്നാല്‍ അധികകാലം സിപിഎം സംസ്ഥാന നേതൃത്വത്തിനു ദേശീയ നേതൃത്വത്തെ െഎക്യത്തില്‍നിന്നു തടയാനാകില്ലെന്നും ആന്‍റണി അറിയിച്ചു.