കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവര്‍ 'പ്രമുഖരാ'യിത്തന്നെ വിലസും

ന്യൂഡല്‍ഹി : പൊതുമേഖല ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാത്തവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് റിസര്‍വ് ബാങ്ക്. പൊതുമേഖലാബങ്കുകളില്‍ നിന്ന് ഒരു കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തവരുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച വിവരാവകാശ അപേക്ഷ ആര്‍ബിഐ തള്ളി.
വിവരാവാകാശ സുഭാഷ് അഗര്‍വാള്‍ നല്‍കിയ അപേക്ഷയില്‍ വെളിപ്പെടുത്തല്‍ നടത്താന്‍ കഴിയില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വായ്പ തിരിച്ചടക്കാത്ത വമ്പന്‍മാരുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് 2015ലെ സുപ്രീം കോടതി ഉത്തരവ് വകവെയ്ക്കാതെയാണ് ആര്‍ബിഐയുടെ നടപടി. വ്യാപാരരഹസ്യമായതിനാലും രാജ്യത്തിന്റെ സാമ്പത്തിക താല്‍പര്യം കണക്കിലെടുത്തും വിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നാണ് ആര്‍ബിഐയുടെ വിശദീകരണം. മറ്റൊരു വിവരാവകാശ പ്രവര്‍ത്തകന്‍ നല്‍കിയ അപേക്ഷയിന്മേല്‍ റിസര്‍വ്വ് ബാങ്കിന്റെ വാദങ്ങള്‍ നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു.
വായ്പയെടുത്ത് മുങ്ങിയവരുടെ വിവരങ്ങള്‍ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ശരിവെച്ചു കൊണ്ടായിരുന്നു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ബാങ്കുകളുടെ താല്‍പര്യത്തേക്കാള്‍ ജനങ്ങളുടെയും നിക്ഷേപകരുടെയും രാജ്യത്തിന്റെയും താല്‍പര്യങ്ങളാണ് സംരക്ഷിക്കപ്പെടേണ്ടതെന്നായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. റിസര്‍വ് ബാങ്കിന് മറ്റ് ബാങ്കുകളുമായി ഏതെങ്കിലും രീതിയിലുള്ള രഹസ്യവ്യാപാര ബന്ധങ്ങളില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.