ചെയ്യാത്ത തെറ്റിന് ജയില്‍ശിക്ഷ : പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവാവ്

ന്യൂഡല്‍ഹി : ചെയ്യാത്ത തെറ്റിന് ജയില്‍ശിക്ഷയും അപമാനവും സഹിക്കേണ്ടിവന്ന ദളിത് യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയില്‍. അയേഷ മീര എന്ന പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആന്ധ്ര സ്വദേശിയായ സത്യം ബാബു എന്ന ദളിത് യുവാവിനാണ് എട്ട് വര്‍ഷം തടവില്‍ കഴിയേണ്ടി വന്നത്.
തനിക്ക് നഷ്ടപരിഹാരമായി പത്ത് കോടി രൂപ നല്‍കണമെന്നാവശ്യപ്പെട്ട് സത്യം ബാബു ദേശീയ പട്ടിക ജാതി കമ്മീഷനെ സമീപിച്ചു. പൊലീസിന്റെ ക്രൂരമര്‍ദ്ദനത്തിലും ഭീഷണിയിലും താന്‍ കുറ്റം സമ്മതിക്കുകയായിരുന്നെന്ന് ബാബു കമ്മീഷന് നല്‍കിയ കത്തില്‍ പറഞ്ഞു. തന്റെ അമ്മയെയും സഹോദരിയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തിലുണ്ട്.
താന്‍ അല്ല കുറ്റം ചെയ്തതെന്ന് അയേഷ മീരയുടെ കുടുംബം പറഞ്ഞിരുന്നു. അവര്‍ നീതിയ്ക്ക് വേണ്ടി വര്‍ഷങ്ങള്‍ കാത്തിരുന്നു. നിര്‍ഭയ സംഭവത്തിലേതുപോലെ അയേഷ മീരയ്ക്കും നീതി ലഭ്യമാക്കണം. കേസിലെ യഥാര്‍ത്ഥപ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം നടത്തണമെന്നും സത്യം ബാബു കത്തില്‍ ആവശ്യപ്പെട്ടു.
2007 ഡിസംബറിലാണ് അയേഷ മീര എന്ന പതിനേഴ് വയസ്സുകാരി കൊല്ലപ്പെടുന്നത്. വിജയവാഡയിലെ ഇബ്രാഹിംപട്ടണത്ത് ഒന്നാം വര്‍ഷ ഫാര്‍മസി വിദ്യാര്‍ത്ഥിയായിരുന്നു അയേഷ. ശരീരത്ത് കത്തിക്കുത്തേറ്റ പാടുകളുമായി അയേഷയുടെ മൃതദേഹം ഹോസ്റ്റലിലെ കുളിമുറിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.
താന്‍ തടവില്‍ കഴിഞ്ഞ സമയത്ത് കുടുംബത്തിന് സാമ്പത്തികദുരിതം അനുഭവിക്കേണ്ടി വന്നു. കമ്മീഷന്‍ തന്റെ ആവശ്യം അനുഭാവത്തോടെ പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും സത്യം ബാബു പറഞ്ഞു.