പാക്കിസ്ഥാന്റെ ശ്രമം മനഃശാസ്‌ത്രപരമായ ഒാപ്പറേഷന്: ബിഎസ്എഫ്

ജമ്മു: ഇന്ത്യ മിന്നലാക്രമണം നടത്തിയതിന് പിന്നാലെ മന:ശാസ്ത്രപരമായ നീക്കങ്ങൾ നടത്തുകയാണ് പാകിസ്ഥാനെന്ന് ബി.എസ്.എഫ്. ജമ്മുവിലെയും പഞ്ചാബിലേയും അതിർത്തി ഗ്രാമങ്ങളിൽ താമസിക്കുന്നവരെ ഭയപ്പെടുത്താനായി നടത്തുന്നതാണ് ബലൂൺ, പ്രാവ് എന്നിവ വഴിയുള്ള സന്ദേശ കൈമാറ്റമെന്ന് അവയെ മന:ശാസ്ത്രപരമായ നീക്കങ്ങൾ എന്ന് വിശേഷിപ്പിച്ചു കൊണ്ട് ബി.എസ് എഫ് പറയുന്നു.
ദിവസങ്ങൾക്ക് മുമ്പാണ് പഞ്ചാബിലെ ദിനഗറിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ ബലൂണുകൾ ലഭിച്ചത്. അതിനു പിന്നാലെ ബമിയാലിൽ അതിർത്തിക്കപ്പുറത്തു നിന്നു സന്ദേശവുമായി എത്തിയ പ്രാവിനെയും ബിഎസ്എഫ് പിടികൂടിയിരുന്നു. ജനങ്ങളെ ഭയപ്പെടുത്തുക, സുരക്ഷാ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. ഒപ്പം ഇന്ത്യയുടെ പ്രതികരണം അറിയുന്നതിനുമാകാം ഇത്തരം നടപടികൾ സ്വീകരിക്കുന്നതെമന്നും ബി.എസ്.എഫ് സംശയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുന്ന കുറിപ്പോടെ പറന്നെത്തിയ ബലൂണുകൾ നാട്ടുകാരാണ് പൊലീസിൽ ഏൽപ്പിച്ചത്. ഉറുദുവിൽ അയൂബിന്റെ വാൾ ഇപ്പോഴും ഞങ്ങളുടെ കൈവശമുണ്ട് എന്നെഴുതിയ രണ്ടു ബലൂണുകളാണു ദിനനഗറിലെ ഗീസാൽ ഗ്രാമവാസികൾക്കു ലഭിച്ചത്. തൊട്ടടുത്ത ദിവസമാണ് വിദ്വേഷ സന്ദേശവുമായി പാക് അതിർത്തിയിലുള്ള ബമിയാലിൽ നിന്നും മോദിക്കുള്ള കത്ത് കാലിൽ കെട്ടിയ നിലയിൽ പ്രാവിനെ കിട്ടിയത്. മോദി ജീ, 1971ലെ ആളുകളല്ല ഇന്നു ഞങ്ങൾ. ഇന്ന് പാകിസ്ഥാനിലെ ഒരോ കുട്ടിയും ഇന്ത്യയോടു പൊരുതാൻ തയാറാണ്എന്നാണ് കത്തിലുണ്ടായിരുന്നത്.