നൂറിലധികം പാക്ക് ഭീകരർ ഇന്ത്യയിലേക്കെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: നൂറിലധികം പാക്ക് ഭീകരർ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് അതിക്രമിച്ചു കടക്കാൻ തയാറായിരിക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അറിയിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കാബിനറ്റ് സുരക്ഷാ കമ്മിറ്റിയിലാണ് ഡോവൽ ഇതുസംബന്ധിച്ച് മുന്നറിയിപ്പു നൽകിയതെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
ഇന്റലിജൻസ് ഏജൻസികളിൽനിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പ്രധാനമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടും കാര്യങ്ങൾ വിശദീകരിച്ചത്. ബുധനാഴ്ച രാവിലെയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേർന്നത്. കഴിഞ്ഞയാഴ്ച പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ലോഞ്ച് പാഡുകൾ ആക്രമിച്ചതിനു ശേഷം ഇതുരണ്ടാം തവണയാണ് കാബിനറ്റ് സുരക്ഷാ കമ്മിറ്റിയുടെ യോഗം ചേരുന്നത്. ആഭ്യന്തര, വിദേശകാര്യ, പ്രതിരോധ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.