ഡോക്ടറെ കാണാൻ കാത്തു നിൽപ്പ്: പതിനൊന്നുകാരി കുഴഞ്ഞു വീണുമരിച്ചു

ചണ്ഡിഗഢ് : വൃക്കരോഗവുമായി ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ പെണ്‍കുട്ടി ഡോക്ടറെ കാണാന്‍ ക്യൂവില്‍ നില്‍ക്കേ കുഴഞ്ഞുവീണു മരിച്ചു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. അമ്മയ്‌ക്കൊപ്പം ആശുപത്രിയിലെത്തിയ പതിനൊന്നുകാരിയായ പെണ്‍കുട്ടിയ്ക്ക് മുക്കാല്‍ മണിക്കൂറോളം ക്യൂവില്‍ നില്‍ക്കേണ്ടി വന്നിരുന്നു. മതിയായ ജീവനക്കാരില്ലാത്തതിനെ തുടര്‍ന്നാണ് ചികിത്സവൈകിയത്.
ആശുപത്രിയിലെത്തുമ്പോള്‍ പെണ്‍കുട്ടിയുടെ നില ഗുരുതരമായിരുന്നു. തുടര്‍ന്ന് 45 മിനിട്ടിനു ശേഷമാണ് അഡ്മിഷന്‍ സ്ലിപ്പ് ലഭ്യമായത്. ഇതിനു പിന്നാലെ പെണ്‍കുട്ടി കുഴഞ്ഞു വീഴുകയും ഉടന്‍ തന്നെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തമെന്നും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചപറ്റിയതായി തെളിഞ്ഞാല്‍ നടപടി സ്വീകരിക്കുമെന്നും ഹരിയാന ആരോഗ്യവകുപ്പ്മന്ത്രി പറഞ്ഞു.
അതേസമയം, ചികിത്സ വേഗത്തിലാക്കാന്‍ പെണ്‍കുട്ടിയുടെ അമ്മയുടെ ഭാഗത്തു നിന്നും നീക്കം നടന്നിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ നില മനസിലാക്കിയിട്ടും വേഗത്തില്‍ ചികിത്സ ലഭ്യമാക്കാതിരുന്ന അറ്റന്ററെ പിരിച്ചുവിട്ടു.