ഹൈദരാബാദ് സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രിക്കെതിരെ കേസ്

ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല ഹോസ്റ്റലില്‍ നിന്നും പുറത്താക്കിയതിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേന്ദ്ര മന്ത്രി ബന്ധാരു ദത്താത്രേയയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പട്ടികജാതി, പട്ടിക വര്‍ഗ നിയമപ്രകാരമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.ഇന്നലെ സര്‍വകലാശാലയിലെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയടക്കം അഞ്ച് ദളിത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല നടപടി എടുത്തത് ബന്ധാരു ദത്താത്രേയയുടെ നിര്‍ബന്ധപ്രകാരമാണെന്ന് ആരോപണമുണ്ടായിരുന്നു.അതേ സമയം രോഹിതിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം തുടരുകയാണ്. വിദ്യാര്‍ത്ഥിയുടെ മൃതദേഹവുമായി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പോലീസുകാര്‍ വിരട്ടിയോടിക്കുകയും മൃതദേഹം പിടിച്ചെടുത്ത് പോസ്‌റ്റുമോര്‍ട്ടത്തിന് അയക്കുകയും ചെയ്‌തു. സംഭവത്തില്‍ സര്‍വകലാശാല വി.സിക്ക് എതിരെയും ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ച എ.ബി.വി.പി പ്രവര്‍ത്തകന് എതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ സമരം നടത്തിയിരുന്നത്.ഇന്നലെ വൈകിട്ടാണ് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമൂല ഹോസ്‌റ്റല്‍ മുറിയില്‍ ജീവനൊടുക്കിയത്. തുടര്‍ന്ന് പ്രതിഷേധിച്ച നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ ക്രമസമാധാന പ്രശ്‌നത്തിണ് പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. പിടിച്ചെടുത്ത വിദ്യാര്‍ത്ഥിയുടെ മൃതദേഹം സിക്കന്ദറാബാദ് ഗാന്ധി മെഡിക്കല്‍ കോളജിലേക്ക് പോസ്‌റ്റുമോര്‍ട്ടത്തിനായി മാറ്റി. കാമ്പസില്‍ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്.