കുംഭമേളയില്‍ വ്യത്യസ്തനായ 'ഗോള്‍ഡണ്‍ ബാബ'

ഹരിദ്വാര്‍: ഹരിദ്വാറില്‍ കഴിഞ്ഞ ദിവസം നടന്ന അര്‍ദ്ധ കുംഭമേളയിലേക്ക് രാജ്യത്തിന്റെ നാനാദിക്കുകളില്‍ നിന്നും ആയിരക്കണക്ക് സന്യാസികളാണ് എത്തുന്നത്. എന്നാല്‍ ഈ മേളയില്‍ വ്യത്യസ്തനായിരിക്കുന്ന ഒരു സന്യാസിയുണ്ട്. 'ഗോള്‍ഡണ്‍ ബാബ' എന്നറിയപ്പെടുന്ന ഇദ്ദേഹം 15.5 കിലോ സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത് അണിഞ്ഞാണ് അനുയായികള്‍ക്കൊപ്പം കുംഭമേളയ്‌ക്കെത്തിയത്. മൂന്നു കോടി രൂപയോളം വിലമതിക്കുന്ന ആഭരണങ്ങളാണ് ബാബ അണിഞ്ഞിരിക്കുന്നത്. ആഭരണങ്ങളണിഞ്ഞാണ് ബാബ ഗംഗയില്‍ സ്‌നാനം ചെയ്തതും.
നിരവധി മാലകളും ലോക്കറ്റുകളും വളകളും വലിയ മോതിരങ്ങളും വജ്രം പതിപ്പിച്ച വാച്ചും അടങ്ങുന്നതാണ് ബാബയുടെ ആഭരണശേഖരം. വാച്ചിന് മാത്രം 27 യക്ഷം രൂപ വിലമതിക്കും. അമൂല്യമായ വസ്തുവായതിനാലാണ് ബാബ സ്വര്‍ണം അണിയുന്നതെന്നാണ് അണികളുടെ വാദം.
സന്യാസം സ്വീകരിക്കുന്നതിന് ഡല്‍ഹിയില്‍ വസ്ത്രവ്യാപാരിയായിരുന്നു ഗോള്‍ഡണ്‍ ബാബ. സുധീര്‍ കുമാര്‍ മക്കാഡ് എന്നായിരുന്നു പൂര്‍വ്വാശ്രമത്തിലെ പേര്. ബിസിനസുകാരനായിരിക്കേ ഒരുപാട് തെറ്റുകള്‍ ചെയ്യേണ്ടിവന്നിട്ടുണ്ടെന്നും അവയ്ക്കു പാപരിഹാരമായാണ് താന്‍ സന്യാസം സ്വീകരിച്ചതെന്നും 55 കാരനായ ബാബ പറയുന്നു. ഇപ്പോള്‍ ജനങ്ങളെ സഹായിച്ച് പ്രത്യേകിച്ച് പാവപ്പെട്ട മാതാപിതാക്കളുടെ പെണ്‍മക്കളുടെ വിവാഹത്തിനു സഹായിച്ചും മറ്റ് സേവനപ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമാണ് താന്‍ സമയം കണ്ടെത്തുന്നതെന്നും ബാബ പറഞ്ഞു.