വയനാടൻ കാപ്പി ഇനി ആഗോള ബ്രാൻഡ്: കെസിഎല്ലും എൻഐടി കാലിക്കറ്റും കൈകോർക്കുന്നു


ഷീബ വിജയൻ

കൽപറ്റ: കാർബൺ സന്തുലിത കോഫി പാർക്ക്, ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതികളുമായി കേരള കോഫി ലിമിറ്റഡ് (കെസിഎൽ) മുന്നോട്ട്. രണ്ട് പദ്ധതികളുടെയും നിർവഹണത്തിന് ആവശ്യമായ ശാസ്ത്രീയ പിന്തുണയ്ക്കും സാങ്കേതിക നവീകരണത്തിനും എൻഐടി (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി) കാലിക്കറ്റുമായി ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതിന് കെസിഎല്ലിന് സർക്കാർ അനുമതി നൽകി. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആവിഷ്കരിച്ചതാണ് രണ്ട് പദ്ധതികളും. ഇവയുമായി ബന്ധപ്പെട്ട പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനമാണ് ധാരണാപത്രം ഒപ്പുവെക്കാനുള്ള അനുമതിയിലൂടെ പ്രകടമാകുന്നത്.

സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാത്തവിധം ധാരണയിൽ ഏർപ്പെടുന്നതിനാണ് അനുവാദം. ഉത്പാദനക്ഷമതയും ഗുണനിലവാരവും മെച്ചപ്പെടുത്തി വയനാടൻ കാപ്പി അന്താരാഷ്ട്ര വിപണിയിൽ കേരള കോഫി, വയനാട് ഫൈൻ ഇന്ത്യൻ റോബസ്റ്റ എന്നീ വാണിജ്യ നാമങ്ങളിൽ ലഭ്യമാക്കാനും അതുവഴി കർഷകരുടെ വരുമാനം വർധിപ്പിക്കാനും ആവിഷ്കരിച്ചതാണ് ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി. ഇതുമായി ബന്ധപ്പെട്ട് എൻഐടി കാലിക്കറ്റുമായി ധാരണയിലെത്തുന്നതിന് ഓഗസ്റ്റ് ഏഴിന് ചേർന്ന ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതി അവലോകന യോഗം തീരുമാനിച്ചിരുന്നു. തുടർന്ന് കേരള കോഫി ലിമിറ്റഡ് ഡയറക്ടർ നൽകിയ അപേക്ഷയിലാണ് സർക്കാർ അനുമതി. ഡോ. തോമസ് ഐസക് ധനമന്ത്രിയായിരുന്ന കാലത്ത് റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ജി. ബാലഗോപാൽ മേധാവിയായി ടീം രൂപീകരിച്ചായിരുന്നു ക്ലൈമറ്റ് സ്മാർട്ട് കോഫി പദ്ധതിയുടെ പ്രാരംഭ നടപടികൾ. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലാണ് (കെ-ഡിഐഎസി) ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. പിന്നീട് കെ-ഡിഐഎസിയിൽനിന്ന് വേർപെടുത്തിയ പദ്ധതി കെസിഎല്ലിന്റെ ഭാഗമാക്കി. കാലാവസ്ഥ സൗഹൃദ കാപ്പിക്കൃഷി പ്രോത്സാഹനം, മൂല്യവർധിത കാപ്പി ഉത്പന്നങ്ങളുടെ നിർമാണം, വയനാടൻ കാപ്പിക്ക് മികച്ച വില ഉറപ്പുവരുത്തൽ തുടങ്ങിയവ പദ്ധതി ലക്ഷ്യങ്ങളാണ്.

കൽപറ്റയ്ക്കടുത്ത് പുഴമുടിയിൽ ആരംഭിക്കുന്ന കാർബൺ ന്യൂട്രൽ കോഫി പാർക്കിൽ ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് കെസിഎല്ലും എൻഐടി കാലിക്കറ്റും ധാരണാപത്രത്തിൽ ഒപ്പിടുന്നത്. പുഴമുടിയിൽ വിലയ്ക്കു വാങ്ങിയ 20 ഏക്കർ ഭൂമിയിൽ 112.5 കോടി രൂപ മതിപ്പുചെലവിലാണ് കാർബൺ ന്യൂട്രൽ കോഫി പാർക്ക് വിഭാവനം ചെയ്തിരിക്കുന്നത്. പി. രാജീവ് വ്യവസായ മന്ത്രിയായിരുന്നപ്പോഴാണ് കിഫ്ബിയുടെ കീഴിൽ കോഫി പാർക്ക് ആരംഭിക്കുന്നതിന് നീക്കം നടന്നത്. പരിശീലന കേന്ദ്രം, പരിശോധനാകേന്ദ്രം, സർട്ടിഫിക്കേഷൻ സെന്റർ, കോഫി മ്യൂസിയം, കാപ്പി സംസ്കരണ കേന്ദ്രം തുടങ്ങിയവ കോഫി പാർക്കിന്റെ ഭാഗമാണ്. അന്താരാഷ്ട്ര ഫണ്ടിംഗിലൂടെ എൻഐടി കാലിക്കറ്റ് നടപ്പാക്കുന്ന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാർക്കിൽ ഇൻകുബേഷൻ സെന്റർ സ്ഥാപിക്കുന്നത്. എൻഐടി കാലിക്കറ്റിന്റെ സാറ്റലൈറ്റ് കേന്ദ്രമായാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നത്. കാർഷിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ഗവേഷണങ്ങൾ നടത്തുക എന്നിവ സെന്ററിന്റെ പ്രധാന ലക്ഷ്യങ്ങളാണ്.

article-image

cxzcxcxcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed