പ്രതിഭ ബാലവേദി ജനറൽ ബോഡിയും പ്രതിഭകളെ അനുമോദിക്കലും ഈദ് മെഹ്ഫിലും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: കുട്ടികളിൽ ശാസ്ത്ര-ചരിത്ര-സാമൂഹിക-കലാ-സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും, സി.ബി.എസ്.ഇ. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് പ്രൗഢമായി നടന്നു.
കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷമാണ് ബാലവേദി ജനറൽ ബോഡി യോഗം ആരംഭിച്ചത്. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്‍റ് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ ഭാരവാഹികളുടെ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ യോഗത്തിൽ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരിയുടെ ചുമതലയുള്ള എൻ.വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ പങ്കെടുത്തു ആശംസകൾ നേർന്നു സംസാരിച്ചു. ബാലവേദി വൈസ് പ്രസിഡന്റ് നവതേജ് ഗിരീഷ് ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
ജനറൽ ബോഡിയോടനുബന്ധിച്ച് ആകർഷകമായ ക്വിസ് മത്സരവും, കുട്ടികൾ തയ്യാറാക്കിയ ഡ്രോയിങ്, ക്രാഫ്റ്റ് വർക്ക്, പെയിന്റിങ്, ശാസ്ത്ര മാതൃകകൾ, ഹാൻഡ് വർക്ക് തുടങ്ങിയ വൈവിധ്യമാർന്ന സൃഷ്ടികൾ ഉൾപ്പെടുത്തിയ മനോഹരമായ പ്രദർശനവും ഒരുക്കിയിരുന്നു. തുടർന്ന് നടന്ന ചടങ്ങിൽ സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ മക്കളെ വേദിയിൽ വച്ച് പ്രത്യേകം അനുമോദിച്ചു. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 98.557% മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ച പ്രണവ് ബോബി ശേഖറിനെ ചടങ്ങിൽ സവിശേഷമായി ആദരിക്കുകയും ചെയ്തു.
അനുമോദന ചടങ്ങുകൾക്ക് ശേഷം ബാലവേദിയുടെ ഈദ് ആഘോഷമായ 'ഈദ് മെഹ്ഫിൽ' വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. ‘ടീം ഗസ്സാനിയ’ വേദിയിൽ അവതരിപ്പിച്ച മനോഹരമായ ഒപ്പന, സ്വരലയ ഗായകർ ആലപിച്ച ഗാനങ്ങൾ, കുട്ടികളുടെ സെമി ക്ലാസിക്കൽ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ്, ഡാൻസ് വിത്ത് റിങ് ആന്റ് റൂബിക്സ് ക്യൂബ് എന്നിവ ഈദ് മെഹ്ഫിലിന്റെ പ്രധാന ആകർഷണങ്ങളായി മാറി. പരിപാടിയുടെ വൻ വിജയത്തിനായി ആത്മാർത്ഥമായി പ്രവർത്തിച്ച മുഴുവനാളുകൾക്കും ബാലവേദി ഭാരവാഹികൾ പ്രത്യേകം നന്ദി അറിയിച്ചു.
sdfsdf

