കൊല്ലം പ്രവാസി അസോസിയേഷൻ മനാമ ഏരിയക്ക് പുതിയ ഭാരവാഹികൾ; പ്രസിഡന്റായി അരുൺ പ്രസാദ്
പ്രദീപ് പുറവങ്കര
കൊല്ലം പ്രവാസി അസോസിയേഷൻ (കെപിഎ) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള മനാമ ഏരിയ സമ്മേളനം മനാമ എം.സി.എം.എ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. ഏരിയ കോഓർഡിനേറ്റർ കൊല്ലം ഷമീർ സലീം ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ ഏരിയ പ്രസിഡന്റ് അബ്ദുൽ അഹദ് അധ്യക്ഷത വഹിച്ചു. കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ട് ഏരിയ സെക്രട്ടറി അലക്സും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ അരുൺ പ്രസാദും അവതരിപ്പിച്ചു. തുടർന്ന് ഈ റിപ്പോർട്ടുകൾ കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും ട്രഷറർ മനോജ് ജമാലിനും ഔദ്യോഗികമായി കൈമാറി.
സമ്മേളനത്തിൽ 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അരുൺ പ്രസാദ് (പ്രസിഡന്റ്), സുധീർ സുലൈമാൻ (സെക്രട്ടറി), ഷാനവാസ് ഷാജഹാൻ (ട്രഷറർ), നാസറുദ്ദീൻ കെ.ആർ (വൈസ് പ്രസിഡന്റ്), ഷാനു ഷാഹുദീൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ. സെൻട്രൽ കമ്മിറ്റിയിലേക്കുള്ള പ്രതിനിധിയായി അബ്ദുൽ അഹദിനെയും തിരഞ്ഞെടുത്തു.
കെപിഎ സെക്രട്ടറി അനിൽകുമാർ, ഷമീർ സലീം എന്നിവർ വരണാധികാരികളായി തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. യോഗത്തിൽ സെക്രട്ടറിയേറ്റ് അംഗങ്ങളായ പ്രശാന്ത് പ്രബുദ്ധൻ, മനോജ് ജമാൽ, കോയിവിള മുഹമ്മദ് കുഞ്ഞ്, രജീഷ് പട്ടാഴി, കൃഷ്ണകുമാർ എന്നിവർ ആശംസകൾ നേർന്നു. നിയുക്ത ട്രഷറർ ഷാനവാസ് ഖാൻ നന്ദി രേഖപ്പെടുത്തിയതോടെ സമ്മേളന നടപടികൾ അവസാനിച്ചു.
aa

