കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം; ചർച്ചാസദസ് സംഘടിപ്പിച്ച് ബഹ്റൈൻ എ.കെ.സി.സി.


പ്രദീപ് പുറവങ്കര

മനാമ: കേരളത്തിലെ കാലാവസ്ഥാ വ്യതിയാനം ഗൗരവകരമായ പഠനത്തിന് വിധേയമാക്കണമെന്ന് പ്രശസ്ത സിനിമാതാരവും കർഷകശ്രീ അവാർഡ് ജേതാവുമായ കൃഷ്ണപ്രസാദ്. ബഹ്റൈൻ എ.കെ.സി.സി. (AKCC) സംഘടിപ്പിച്ച "ഉരുകുന്ന കേരളവും വേവുന്ന മനുഷ്യരും" എന്ന ചർച്ചാ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശക്തമായ ചൂട് കേരളത്തിന്റെ കാർഷിക മേഖലയെയും സമ്പദ്‌വ്യവസ്ഥയെയും തകർക്കുമെന്നും വരാനിരിക്കുന്ന പ്രത്യാഘാതങ്ങൾ ഭയാനകമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രവാസലോകത്തെ ഒരു സംഘടന ഇത്തരമൊരു വിഷയം ഗൗരവമായി ചർച്ച ചെയ്യുന്നതിനെ അദ്ദേഹം അഭിനന്ദിച്ചു.

എ.കെ.സി.സി. പ്രസിഡന്റ് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ, വരും വർഷങ്ങളിൽ കേരളം നേരിടാൻ പോകുന്ന കടുത്ത ഉഷ്ണതരംഗങ്ങളെയും കാലാവസ്ഥാ വ്യതിയാനങ്ങളെയും കുറിച്ച് വിവിധ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. 140 വർഷത്തിനിടയിലെ ഏറ്റവും ശക്തമായ ചൂടായിരിക്കും ഇനി അനുഭവപ്പെടുകയെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പുകൾ ഉദ്ധരിച്ചുകൊണ്ട് ജീവൻ ചാക്കോ ചർച്ചയ്ക്ക് തുടക്കം കുറിച്ചു.

മനുഷ്യരാശിയെ കാത്തിരിക്കുന്നത് അതിതീവ്രമായ ചൂടാണെന്നും കേരളം ഒരു 'ഉഷ്ണഗേഹം' ആയി മാറാൻ സാധ്യതയുണ്ടെന്നും ചടങ്ങിൽ സംസാരിച്ച റിജു മൂഞ്ഞേലി, പോളി വിതയത്തിൽ എന്നിവർ പറഞ്ഞു. വരും നാളുകളിൽ ചുഴലിക്കാറ്റുകളുടെയും പ്രളയത്തിന്റെയും തീവ്രത വർദ്ധിക്കാനിടയുണ്ടെന്ന് വനിതാ വേദി പ്രസിഡന്റ് ലിവിൻ ജിബി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള കവിതകളും ഡോക്യുമെന്റുകളും അവതരിപ്പിച്ചു. മെയ്മോൾ ചാൾസ്, ഐസക്, ജെൻസൻ തുടങ്ങി നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. ജീവൻ ചാക്കോ സ്വാഗതവും ജെസ്സി ജെൻസൻ നന്ദിയും പറഞ്ഞു.

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed