മുതിർന്നവരുടെ പരിചരണ കേന്ദ്രങ്ങൾക്ക് മന്ത്രാലയ ലൈസൻസ് നിർബന്ധമാക്കി ബഹ്റൈൻ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യത്തെ സ്വകാര്യ വൃദ്ധസദനങ്ങളുടെയും ഡേ ക്ലബ്ബുകളുടെയും പ്രവർത്തനത്തിന് സാമൂഹിക വികസന മന്ത്രാലയത്തിന്റെ ലൈസൻസ് നിർബന്ധമാക്കി ബഹ്‌റൈൻ. മുതിർന്ന പൗരന്മാർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരവും മേൽനോട്ടവും ഉറപ്പുവരുത്തുന്നതിനായി സാമൂഹിക വികസന മന്ത്രി ഒസാമ അൽ അലവിയാണ് പുതിയ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചത്. 2026-ലെ 17-ാം നമ്പർ തീരുമാനപ്രകാരം മന്ത്രാലയത്തിന്റെ മുൻകൂർ അനുമതിയില്ലാതെ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനോ പ്രവർത്തിപ്പിക്കാനോ പാടില്ല.
താമസസൗകര്യം ഉൾപ്പെടെയുള്ള പൂർണ്ണസമയ പരിചരണ കേന്ദ്രങ്ങൾക്കും, താമസസൗകര്യമില്ലാത്ത സാമൂഹിക-വിനോദ കേന്ദ്രങ്ങൾക്കും (ഡേ ക്ലബ്ബുകൾ) പുതിയ നിയമം ബാധകമാണ്. ലൈസൻസിനായി അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം. കൂടാതെ സാമ്പത്തിക ശേഷി, സത്സ്വഭാവം എന്നിവ തെളിയിക്കുന്ന രേഖകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്ന സർട്ടിഫിക്കറ്റും ഹാജരാക്കണം.
സ്ഥാപനങ്ങളുടെ മാനേജർമാരായി നിയമിക്കപ്പെടുന്നവർക്ക് ബന്ധപ്പെട്ട വിഷയത്തിൽ അക്കാദമിക് യോഗ്യതയോ അല്ലെങ്കിൽ സാമൂഹിക സേവന രംഗത്ത് കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയമോ ഉണ്ടായിരിക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. മാനദണ്ഡങ്ങൾ പാലിച്ച് സമർപ്പിക്കുന്ന അപേക്ഷകൾ മന്ത്രാലയം ഔദ്യോഗിക രജിസ്റ്ററിൽ രേഖപ്പെടുത്തിയ ശേഷമായിരിക്കും ലൈസൻസ് നടപടികൾ പൂർത്തിയാക്കുക.
aa



