പത്തനംതിട്ട സ്വദേശിയായ ബഹ്റൈൻ പ്രവാസി നിര്യാതനായി : സഹായം തേടി കുടുംബം
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിൽ താമസിച്ചുവരികയായിരുന്ന പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി തോമസ് അലക്സ് (47) നിര്യാതനായി. കിഡ്നി സംബന്ധമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് മാസത്തിലധികമായി സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം സംഭവിച്ചത്. ബഹ്റൈനിൽ ഒരു എസി വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു അദ്ദേഹം.
തോമസ് അലക്സിന്റെ വിയോഗം അദ്ദേഹത്തിന്റെ കുടുംബത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സാമ്പത്തിക പ്രശ്നങ്ങൾ കാരണം യാത്രാവിലക്ക് നേരിട്ടിരുന്ന ഇദ്ദേഹത്തിന്റെ കുടുംബവും ബഹ്റൈനിലാണുള്ളത്. ഭാര്യ ഒരു സ്വകാര്യ ക്ലിനിക്കിൽ നഴ്സായി ജോലി ചെയ്യുകയാണ്. 9, 6, 5 വയസ്സുള്ള മൂന്ന് കുട്ടികളാണ് ഇവർക്കുള്ളത്.
കുടുംബത്തിന്റെ നിലവിലെ സാഹചര്യം ഏറെ ദുരിതപൂർണ്ണമാണ്. മൂന്ന് കുട്ടികളിൽ ഒരാൾക്ക് മാത്രമേ പാസ്പോർട്ട് ഉള്ളൂ. ഇളയ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് പോലും ഇതുവരെ എടുത്തിട്ടില്ല. കുട്ടികൾക്കാർക്കും നിലവിൽ വിസയില്ല.
തോമസ് അലക്സിന്റെ അമ്മ രണ്ട് വർഷം മുമ്പ് ബഹ്റൈനിൽ എത്തിയിരുന്നു. ഇവരുടെ വിസാ കാലാവധിയും പാസ്പോർട്ട് കാലാവധിയും കഴിഞ്ഞിരിക്കുകയാണ്. കൂടാതെ, നാല് മാസത്തെ ഫ്ലാറ്റ് വാടകയും കുടിശ്ശികയുണ്ട്. നാട്ടിൽ സ്വന്തമായി വീടോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത കുടുംബം തോമസ് അലക്സിന്റെ നിര്യാണത്തോടെ കൂടുതൽ പ്രതിസന്ധിയിലായിരിക്കുകയാണ്.
തങ്ങളെ സഹായിക്കാൻ എത്രയും വേഗം ബഹ്റൈനിലെ സാമൂഹ്യപ്രവർത്തകരുടെ ഇടപെടൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ കുടുംബം.
aa
