മണിക്കൂറിൽ 580 കി.മീ. വേഗം; ലോകത്തിലെ ഏറ്റവും വേഗമേറിയ ഡ്രോൺ വികസിപ്പിച്ച് ദുബൈ പൊലീസ്
ഷീബ വിജയ൯
ദുബൈ: ലോകത്തെ ഏറ്റവും വേഗം കൂടിയ ഡ്രോൺ വികസിപ്പിച്ച ദുബൈ പൊലീസിന് ഗിന്നസ് ലോക റെക്കോർഡ് ലഭിച്ചു. ദുബൈ പൊലീസിൻ്റെ അൺമാൻഡ് ഏരിയൽ സിസ്റ്റംസ് സെന്റർ വികസിപ്പിച്ച പെരിഗ്രീൻ 3 എന്ന ഡ്രോൺ മണിക്കൂറിൽ 580 കിലോമീറ്റർ വേഗമാണ് കൈവരിച്ചത്.
ലൂക്ക് ബെൽ, മൈക്ക് ബെൽ എന്നീ കമ്പനികളുമായി കൈകോർത്ത് വികസിപ്പിച്ചെടുത്ത ഈ നൂതന ഡ്രോണിൻ്റെ പരീക്ഷണം ദുബൈയിലെ അൽ ഖുദ്റയിൽ ദുബൈ പൊലീസ് വിജയകരമായി നടത്തിയിരുന്നു. റെക്കോർഡ് ഉറപ്പാക്കുന്നതിനായി, കാറ്റിൻ്റെ സ്വാധീനം മറികടക്കാൻ ഡ്രോൺ എതിർദിശകളിലേക്ക് രണ്ടുതവണ പറന്ന ശേഷമാണ് ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
ഇതിന് മുമ്പ് ഏറ്റവും വേഗമുള്ള ആളില്ലാ ഡ്രോണായി രേഖപ്പെടുത്തിയിരുന്നത് ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള പിതാവും മകനും ചേർന്ന് വികസിപ്പിച്ച പെരിഗ്രീൻ 2 ആയിരുന്നു. ഇതിന് മണിക്കൂറിൽ 480.23 കിലോമീറ്ററായിരുന്നു വേഗം (പരമാവധി 510 കി.മീ.). 2024 ജൂണിലാണ് പെരിഗ്രീൻ 2വിന് ലോക റെക്കോർഡ് ലഭിച്ചിരുന്നത്.
നഗരത്തിലെ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനും, ധ്രുത പ്രതികരണ സംവിധാനങ്ങളെ പിന്തുണയ്ക്കുന്നതിനും, ഫീൽഡ് പരിശോധന മെച്ചപ്പെടുത്തുന്നതിനും ഡ്രോണുകളും നൂതന സാങ്കേതിക വിദ്യകളും ഉപയോഗിക്കുന്നതിൻ്റെ ഭാഗമായാണ് ദുബൈ പൊലീസ് ഈ നേട്ടത്തെ കാണുന്നത്.
adswadsdsasad
