കുവൈത്തിൽ ഡിപ്ലോമ യോഗ്യതയുള്ള 30 വയസ്സ് തികയാത്തവർക്ക് വിസ നിരോധിക്കാൻ നീക്കം

കുവൈത്ത് സിറ്റി : ഡിപ്ലോമയോ അതിൽ കൂടുതലോ വിദ്യാഭ്യാസ യോഗ്യതയുള്ള 30 വയസ്സ് തികയാത്തവർക്കു വിസ നൽകുന്നതു നിരോധിക്കാൻ കുവൈത്ത് ഒരുങ്ങുന്നു. ഇതുൾപ്പെടെ വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് ഒട്ടേറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മാൻപവർ അതോറിറ്റി തീരുമാനിച്ചതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്‌തു.
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ വിസ അനുവദിക്കേണ്ടതില്ലെന്നതാണു മറ്റൊരു നിർദ്ദേശം. വിദേശികളുടെ എണ്ണത്തിൽ കാര്യമായ കുറവ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണു പുതിയ നീക്കങ്ങൾ. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവരും വിവിധ മേഖലകളിൽ സ്പെഷലൈസ് ചെയ്തവരുമായ പലർക്കും പ്രവൃത്തിപരിചയം ഇല്ലെന്നതാണു നിലവിലെ സ്ഥിതി.
വിദ്യാഭ്യാസം കഴിഞ്ഞാലുടൻ വിദേശികൾ സ്വകാര്യമേഖലയിൽ ജോലി നേടുന്പോൾ ബിരുദധാരികളായ സ്വദേശികൾ ജോലി അന്വേഷിച്ചു നടക്കുന്ന സാഹചര്യമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
സ്വദേശി തൊഴിൽശേഷിപ്രയോജനപ്പെടുത്താൻ കന്പനിയുടമകളെ പ്രേരിപ്പിക്കാനും വിദേശികൾക്കു പ്രായപരിധി നിശ്ചയിക്കുന്നതു സഹായകരമാകുമെന്നാണു വിലയിരുത്തൽ.