മു­പ്പതോ­ളം വസ്തു­ക്കൾ മൂ­ല്യ വർ­ദ്ധി­ത നി­കു­തി­യിൽ നി­ന്ന് പു­റത്ത്


കുവൈത്ത് സിറ്റി : ജി.സി.സി രാജ്യങ്ങളിൽ അടുത്ത വർഷം ആദ്യത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന നിർദ്ദിഷ്ട മൂല്യ വർദ്ധിത നികുതിയിൽ (വാറ്റ്) നിന്ന് മുപ്പതോളം ഇനങ്ങളെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. നികുതി നിർദ്ദേശം പെട്ടെന്നു നിഷേധാത്മക പ്രതീതി ഉളവാക്കുന്നത് ഇല്ലാതാക്കുകയാണ് അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്. അവശ്യഭക്ഷ്യവസ്‌തുക്കളും ആരോഗ്യ, വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ചില സേവന ഇനങ്ങളുമാകും ഒഴിവാക്കപ്പെടുക എന്നാണു സൂചന. 

ജി.സി.സി തലത്തിൽ വാറ്റ് ഏർപ്പെടുത്തുന്നതിന് അംഗരാജ്യങ്ങൾ നേരത്തെ തീരുമാനിച്ചതാണ്. 2018 ജനുവരിൽ ഒന്നുമുതൽ 5 % വാറ്റ് എന്നതാണു തീരുമാനം. ജി.സി.സി കരാർ അംഗരാജ്യങ്ങളിലെ പാർലമെന്റോ സമാന സമിതിയോ അംഗീകരിക്കേണ്ടതുണ്ട്. കുവൈത്ത് പാർലമെന്റിന്റെ അടുത്തമാസം
ചേരുന്ന സമ്മേളനത്തിൽ ‘വാറ്റ്’ ചർച്ചയ്ക്കു വരുമെന്നാണു സൂചന. എണ്ണയിൽനിന്നുള്ള വരുമാനം കുറഞ്ഞതോടെ വരുമാന സ്രോതസ്സ് എന്ന നിലയിലാണ് വാറ്റ് ഏർപ്പെടുത്താൻ ജി.സി.സി തീരുമാനിച്ചത്.

വാറ്റ് നിലവിൽ വന്നാൽ ജി.സി.സി സർക്കാരുകൾക്ക് പ്രതിവർഷം 2500 കോടി ഡോളർ വരുമാനമുണ്ടാകുമെന്നാണു ധനകാര്യ ഏജൻസിയായ ഏണസ്റ്റ് ആൻഡ് യംങ് നടത്തുന്ന പ്രവചനം. അടിസ്ഥാന സൗകര്യ വികസനത്തിനു സർക്കാരുകൾക്ക് കൂടുതൽ തുക ലഭിക്കും. എത്രയും വേഗം വാറ്റ് നടപ്പാക്കുന്നതാകും ജി.സി.സി രാജ്യങ്ങൾക്ക് അഭികാമ്യമെന്നു ഐ‌.എം.‌എഫ് നേരത്തെ നിർദ്ദേശിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed