ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിന് മധ്യസ്ഥ ശ്രമം തുടരുമെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി : ഗൾഫ് പ്രതിസന്ധി പരിഹരിക്കാനുള്ള മധ്യസ്ഥശ്രമം തുടരുമെന്ന് വ്യക്തമാക്കി കുവൈത്ത്. പ്രശ്നം പരിഹരിക്കാൻ അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തുടങ്ങിവച്ച ദൗത്യം ഫലപ്രാപ്തിയിലെത്തുമെന്നാണ് വിശ്വാസമെന്നു വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല പറഞ്ഞു.
അമീറിന്റെ ദൗത്യത്തിനു ലോക രാജ്യങ്ങളിൽ നിന്നു ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് മൊറോക്കോ എംബസിയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.
മൊറോക്കോ വിദേശകാര്യമന്ത്രി കഴിഞ്ഞ മാസം കുവൈത്ത് സന്ദർശിച്ച് ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതിൽ കാണിച്ച താൽപ്പര്യം ജാറല്ല അനുസ്മരിച്ചു. മൊറോക്കോയും ജി.സി.സി രാജ്യങ്ങളും തമ്മിൽ നല്ല ബന്ധമാണുള്ളത്. ഒരു വശത്തു ഖത്തറും മറുവശത്ത് സൗദി, ബഹ്‌റൈൻ, യു.എ.ഇ, ഈജിപ്‌ത് എന്നിവയും തമ്മിലുള്ള തർക്കത്തിനു പരിഹാരം കാണാൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആദ്യം മുതൽ തന്നെ രംഗത്തുണ്ട്.