കല കുവൈത്ത് "എന്റെ കൃഷി 2017" പുരസ്കാരങ്ങൾ വിതരണം ചെയ്തു

കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് അബുഹലീഫ 'എ' യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ 'എന്റെ കൃഷി 2017'ന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു. അബുഹലീഫ കലാ സെന്ററിൽ വെച്ച് നടന്ന സമ്മാനദാന ചടങ്ങ് പ്രശസ്ത നടനും, സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. വി.കെ ശ്രീരാമൻ ഉദ്ഘാടനം ചെയ്തു. കൃഷിയെ നാം സ്വന്തം മക്കളെപ്പോലെ സ്നേഹിക്കണമെന്നും, പ്രവാസികൾക്ക് കൃഷി എന്നത് നഷ്ടപ്പെട്ട നാടിന്റെ ഓർമ്മകളുടെ വീണ്ടെടുപ്പാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തുടർന്ന് 'എന്റെ കൃഷി 2017' വിജയികളെ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, കല കുവൈത്ത് പ്രസിഡണ്ട് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ. സജി എന്നിവർ പ്രഖ്യാപിച്ചു. 'കർഷക പ്രതിഭ' പുരസ്കാരം ആർ. സോമരാജും, 'കർഷകമിത്ര' പുരസ്കാരം ദിവ്യ സുരേഷും, 'കർഷക ബന്ധു' പുരസ്കാരം കെ.പി ഷൈനും നേടി. വിജയികൾക്കുള്ള സമ്മാനദാനം വി.കെ ശ്രീരാമൻ നിർവ്വഹിച്ചു. മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ മുഖ്യാതിഥി കൈമാറി.
അബുഹലീഫ മേഖലാ പ്രസിഡണ്ട് പി.ബി സുരേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് മേഖലാ സെക്രട്ടറി എം.പി മുസ്ഫർ സ്വാഗതം പറഞ്ഞു. 'എന്റെ കൃഷി 2017' റിപ്പോർട്ട് അബുഹലീഫ എ യൂണിറ്റ് ജോ. കൺവീനർ ശോഭ സുരേഷ് അവതരിപ്പിച്ചു. മേഖലാ എക്സിക്യൂട്ടീവ് അംഗം അന്പിളി പ്രമോദ് നന്ദി രേഖപ്പെടുത്തി. കല കുവൈത്ത് ജോ.സെക്രട്ടറി പ്രസീത് കരുണാകരൻ, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജ്യോതിഷ് ചെറിയാൻ, ആസഫ്, രംഗൻ, ശുഭ ഷൈൻ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.
പ്രവാസികൾക്കിടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക, കുട്ടികൾക്കിടയിൽ കാർഷിക അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാർച്ച് മുതൽ മെയ് വരെ 2 മാസക്കാലം 'എന്റെ കൃഷി 2017' സംഘടിപ്പിച്ചത്. മത്സരത്തിൽ 50ഓളം കുടും
ബങ്ങൾ പങ്കെടുത്തു. അബുഹലീഫ 'എ' യൂണിറ്റ് കൺവീനർ മാത്യു ഉമ്മൻ മത്സരം സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകി.