സിദ്ധാർഥിന്റെ മരണം; മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ പിടിയിൽ


പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ പരസ്യമർദനത്തിനും വിചാരണക്കും വിധേയനായി ദുരൂഹസാഹചര്യത്തിൽ സിദ്ധാർഥൻ മരിച്ച സംഭവത്തിൽ  മുഖ്യപ്രതികളായ രണ്ടു പേരടക്കം മൂന്നുപേർ പിടിയിൽ. കൊല്ലം ഓടനാവശം സ്വദേശിയായ സിൻജോ ജോൺസൺ (21), കാശിനാഥൻ, അൽത്താഫ് എന്നിവരാണ് ഇന്നു പുലർച്ചെ പിടിയിലായത്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽനിന്നാണ് സിൻജോയെ പിടികൂടിയത്. കാശിനാഥൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു. അൽത്താഫിനെ ഇരവിപുരത്തെ ബന്ധുവീട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെയും നാലു എസ്.എഫ്.ഐ പ്രവർത്തകർ പിടിയിലായിരുന്നു. ഇതോടെ കേസിൽ ആകെ 13 പേരാണ് പിടിയിലായത്. സിൻജോ ജോൺസണും കാശിനാഥനും പുറമെ, പ്രതികളായ സൗദി റിസാൽ, അജയ് കുമാർ എന്നിവർക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് ഭാരവാഹിയായ സിൻജോ ജോൺസനാണ് മകനെതിരായ ആക്രമണങ്ങൾക്ക്  നേതൃത്വം നൽകിയതെന്ന് ഇന്നലെ വീട് സന്ദർശിച്ച എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർഥന്റെ പിതാവ് ടി. ജയപ്രകാശ് പറഞ്ഞിരുന്നു. കേസിൽ ഇനി 5 പേരാണ് ഇപ്പോഴും ഒളിവിൽ കഴിയുന്നത്. 18 പേരെയാണ് പ്രാഥമികമായി കേസിൽ പ്രതി ചേർത്തിട്ടുള്ളത്. ഇവരെ കോളജിൽനിന്ന് സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. 

പൂക്കോട് സർവകലാശാല കോളജ് യൂനിയൻ പ്രസിഡന്റ് മാനന്തവാടി കണിയാരം കേളോത്ത് വീട്ടിൽ അരുൺ (23), എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി മാനന്തവാടി ക്ലബ് കുന്നിൽ ഏരി വീട്ടിൽ അമൽ ഇഹ്സാൻ (23), കോളജ് യൂനിയൻ അംഗം തിരുവനന്തപുരം വർക്കല ആസിഫ് മൻസിലിൽ എൻ. ആസിഫ് ഖാൻ(23), അമീൻ അക്ബർ അലി എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.  ബി.വി.എസ്.സി രണ്ടാംവര്‍ഷ വിദ്യാർഥിയായ സിദ്ധാർഥനെ (21) ഫെബ്രുവരി 18നാണ് വെറ്ററിനറി സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സിദ്ധാർഥനെ ആക്രമിച്ച വിദ്യാർഥികൾക്ക് മൂന്നു വർഷം പഠന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

article-image

ggj

You might also like

  • Straight Forward

Most Viewed