കെഎസ്ഇബി വാഴ വെട്ടിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു


ഇടുക്കി- കോതമംഗലം 220 കെവി ലൈനിനു കീഴിൽ കൃഷി ചെയ്ത 406 കുലവാഴകൾ കെഎസ്ഇബി വെട്ടിമാറ്റിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കെഎസ്ഇബി ചെയർമാൻ 15 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍റെ നടപടി. വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷനു സമീപം കാവുംപുറം തോമസിന്‍റെ അര ഏക്കർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒമ്പത് മാസം പ്രായമായ 406 വാഴകളാണു കെഎസ്ഇബി ഉദ്യോഗസ്ഥർ നശിപ്പിച്ചത്. ഏതാനും ദിവസത്തിനുള്ളില്‍ വെട്ടിവില്‍ക്കാന്‍ പാകമായ കുലകളാണ് ഉപയോഗശൂന്യമാക്കിയത്. ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് മൂലമറ്റത്തുനിന്നെത്തിയ കെഎസ്ഇബി ജീവനക്കാര്‍ വാഴകള്‍ വെട്ടിനീക്കിയത്. ഒരു വാഴയുടെ ഇല ലൈനില്‍ മുട്ടി കത്തിനശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് അധികൃതരെത്തി വാഴ വെട്ടിയതെന്ന് പറയുന്നു. കർഷകന് അർഹിക്കുന്ന നഷ്ടപരിഹാരം നൽകുകയും കുറ്റക്കാർക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് നാട്ടുകാരും പൊതുപ്രവർത്തകരും ആവശ്യപ്പെട്ടിരുന്നു.

article-image

SADADSADSADS

You might also like

  • Straight Forward

Most Viewed