രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കിയെന്ന് കെ. വിദ്യ; ഇന്ന് കോടതിയിൽ ഹാജരാക്കും

വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ എസ്എഫ്ഐ മുൻ നേതാവ് കെ. വിദ്യയെ ഇന്ന് കോടതിയിൽ ഹാജരാക്കും. മണ്ണാർക്കാട് കോടതിയിലാണ് ഹാജരാക്കുക. കോഴിക്കോട് മേപ്പയൂരിലെ കുട്ടോത്ത് സുഹൃത്തിന്‍റെ വീട്ടിൽ നിന്നാണ് ബുധനാഴ്ച രാത്രിയോടെയാണ് അഗളി പോലീസ് വിദ്യയെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് എത്തിച്ച വിദ്യയെ രാത്രി 12.30ന് അഗളി പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. വിദ്യയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അഗളി പോലീസ് സ്റ്റേഷനിൽ എത്തിച്ച വിദ്യയെ കോട്ടത്തറ ആശുപത്രിയിൽ നിന്ന് ഡോക്ടർ എത്തി വൈദ്യപരിശോധന നടത്തി. വ്യാജ രേഖ ചമച്ചില്ലെന്നും രാഷ്ട്രീയ വൈരാഗ്യം മൂലം തന്നെ കരുവാക്കിയതാണെന്നും വിദ്യ പോലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. കാസർഗോഡ് തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ കാലടി സംസ്കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർഥിനിയാണ്. പാലക്കാട് അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ആർട്സ് കോളജിലെ മലയാളം വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം ലഭിക്കുന്നതിന് എറണാകുളം മഹാരാജാസ് കോളജിന്‍റെ പേരിലുള്ള വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണു കേസ്.
സംശയം തോന്നിയതിന്‍റെ അടിസ്ഥാനത്തിൽ അട്ടപ്പാടി കോളജ് അധികൃതർ ബന്ധപ്പെട്ടതിനെത്തുടർന്ന് മഹാരാജാസ് കോളജ് പ്രിൻസിപ്പൽ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ആറിന് എറണാകുളം സെൻട്രൽ പോലീസ് എടുത്ത കേസ് അഗളി പോലീസിന് കൈമാറുകയായിരുന്നു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചിക്കാനായി വ്യാജരേഖയുണ്ടാക്കൽ, യഥാർഥമെന്നോണം അത് ഉപയോഗിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് കേസിലുള്ളത്. വിദ്യയെ കണ്ടെത്തുന്നതിൽ പോലീസിന്‍റെ മെല്ലെപ്പോക്കിനെതിരേ വ്യാപകമായ വിമർശനങ്ങൾ ഉയർന്നിരുന്നു. വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്കു മാറ്റിയതിനു പിന്നാലെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
asddadsas