നാലു വര്‍ഷം മുമ്പ് നടന്ന മുങ്ങിമരണം കൊലപാതകം; പ്രതി അറസ്റ്റിൽ

കുന്നംകുളത്ത് നാലു വര്‍ഷം മുമ്പ് നടന്ന മുങ്ങി മരണം കൊലപാതകമെന്ന് തെളിഞ്ഞു. കൈപ്പറമ്പ് സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് സലീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 2019 നവംബര്‍ 18നാണ് സംഭവം. മദ്യപാനത്തെതുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പുഴവക്കത്തുവച്ച് പ്രതി സലീഷിന്‍റെ മൊബൈല്‍ ഫോണ്‍ പുഴയില്‍ വീണു. രാജേഷിനോട് ഫോണ്‍ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ പ്രതി രാജേഷിനെ പുഴയിലേക്ക് തള്ളിയിടുകയായിരുന്നു.
രാജേഷിന്‍റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുള്‍ അഴിഞ്ഞത്. സലീഷിനെ പലവട്ടം ചോദ്യം ചെയ്തെങ്കിലും ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നില്ല. പിന്നീട് ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ഇയാള്‍ ഫോണ്‍ ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് കൈമാറിയ വിവരങ്ങള്‍ പോലീസ് ശേഖരിച്ചു.
ASDF