ഭരണഘടനാ അധിക്ഷേപം; സജി ചെറിയാൻ എംഎൽ‍എക്കെതിരെ അന്വേഷണം തുടങ്ങി


ഭരണഘടനയെ അധിക്ഷേപിച്ച് പ്രസംഗിച്ച കേസിൽ‍ സജി ചെറിയാൻ‍ എംഎൽ‍എക്കെതിരെ കീഴ്‌വായ്പൂർ‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കേസിൽ‍ പരാതിക്കാരനായ അഭിഭാഷകന്റെ മൊഴി തിരുവല്ല ഡിവൈഎസ്പി രേഖപ്പെടുത്തി.

കേസ് രജിസ്റ്റർ‍ ചെയ്ത് മൂന്ന് ദിവസം പിന്നിട്ട ശേഷമാണ് സജി ചെറിയാന് എതിരെയുള്ള പരാതിയിൽ‍ പോലീസ് നടപടി ആരംഭിച്ചിരിക്കുന്നത്. 600/2022 എന്ന നമ്പറിൽ‍ കീഴ്വായ്പ്പൂർ‍ പൊലീസ് എഫ്‌ഐആർ‍ രജിസ്റ്റർ‍ ചെയ്തിരുന്നെങ്കിലും തുടർ‍നടപടികൾ‍ ആരംഭിച്ചിരുന്നില്ല. കേസിലെ പരാതിക്കാരനായ അഡ്വക്കേറ്റ് ബൈജു നോയലിനെ ഇന്നലെ രാത്രി തിരുവല്ല ഡിവൈഎസ്പി ഓഫീസിൽ‍ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയത്.

സജി ചെറിയാന്റെ പ്രസംഗത്തിനൊപ്പം അന്ന് മല്ലപ്പള്ളിയിലെ വേദിയിൽ‍ വേറെ ആരെങ്കിലും ഭരണഘടനയെ അധിക്ഷേപിച്ച് സംസാരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിഭാഷകൻ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ‍ സാക്ഷികൾ‍ ആയിട്ടുള്ള തിരുവല്ല, റാന്നി എംഎൽ‍എമാരുടെയും മൊഴി രേഖപ്പെടുത്തേണ്ടത് ഉണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്.

കേസിലെ പ്രതിയായ സജി ചെറിയാൻ എംഎൽ‍എയുടെ മൊഴിയും രേഖപ്പെടുത്തേണ്ടതുണ്ട്. നിയമസഭാ സമ്മേളനത്തിനു ശേഷമാകും സജി ചെറിയാന്റെ മൊഴി രേഖപ്പെടുത്തുക എന്നാണ് പൊലീസ് പറയുന്നത്. അതിനുമുമ്പ് കേസിലെ മറ്റു നടപടിക്രമങ്ങൾ‍ വേഗത്തിൽ‍ തീർ‍ക്കാനാണ് പൊലീസ് നീക്കം. തിരുവല്ല ഡിവൈഎസ്പിക്കാണ് കേസിന്റെ അന്വേഷണ ചുമതല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed