കളമശേരിയിൽ ഇലക്ട്രോണിക് സിറ്റിയിൽ അപകടം; നാല് മരണം
കളമശേരിയിൽ ഇലക്ട്രോണിക് സിറ്റിയിൽ നിർമാണ പ്രവർത്തനങ്ങൾക്കിടെ മണ്ണിടിഞ്ഞുവീണുണ്ടായ അപകടത്തിൽ നാല് മരണം. പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച തൊഴിലാളികളിൽ നാല് പേരുടെ മരണം സ്ഥിരീകരിച്ചു. ബംഗാൾ സ്വദേശികളായ ഫൈജുൽ മണ്ഡൽ, കൂടൂസ് മണ്ഡൽ, നൗജേഷ് മണ്ഡൽ, റൂളാമിൻ മണ്ഡൽ എന്നിവരാണ് മരിച്ചത്.
ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ആറു പേരെ പുറത്തെടുത്തു. ഇനിയും ഒരാളെ കണ്ടെടുക്കാനുണ്ട്. ഫയർഫോഴ്സും പോലീസും പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. പരിക്കേറ്റ് കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെ നില തൃപ്തികരമാണ്. അപകടം നടന്ന് അരമണിക്കൂറിനുള്ളിൽ ഇവരെ പുറത്തെടുക്കാനായിരുന്നു. രണ്ടു പേരെയും അടുത്ത ദിവസം തന്നെ ആശുപത്രിയിൽനിന്നും വിട്ടയക്കാനാവുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
പുതിയ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണ് നീക്കുമ്പോഴാണ് അപകടം ഉണ്ടായത്. 25 അന്യസംസ്ഥാന തൊഴിലാളികളാണ് പണികളിൽ ഏർപ്പെട്ടിരുന്നത്. ഇതിൽ ഏഴു പേരാണ് അപകടത്തിൽപ്പെട്ടത്. വലിയ കുഴിയിൽനിന്ന് ജോലി ചെയ്യുമ്പോൾ തൊഴിലാളികളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു.
ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷമാണ് തൊഴിലാളികളെ പുറത്തെടുത്തത്.

