കെപിഎസ്‌സി ലളിത അന്തരിച്ചു


മലയാളത്തിന്റെ പ്രിയ അഭിനേത്രി കെപിഎസ്‌സി ലളിത (75) അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിൽവച്ചായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച കെപിഎസി ലളിതയ്ക്ക് രണ്ടു തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി 500 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. സംഗീത നാടക അക്കാദമി മുൻ അധ്യക്ഷയായിരുന്നു. അന്തരിച്ച സംവിധായകൻ ഭരതനായിരുന്നു ഭർത്താവ്. നടൻ സിദ്ധാർത്ഥ് അടക്കം രണ്ട് മക്കൾ ആണുള്ളത്.

ആലപ്പുഴയിലെ കായംകുളത്ത് ജനിച്ച ലളിതയുടെ ജനന നാമം മഹേശ്വരി അമ്മ എന്നായിരുന്നു. പിതാ‍വ് - കടയ്ക്കത്തറൽ വീട്ടിൽ കെ. അനന്തൻ നായർ, മാതാവ് - ഭാർഗവി അമ്മ. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനിൽ നിന്ന് നൃത്തം പഠിച്ചു. 10 വയസുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെപിഎസിയിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെപിഎസി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്‍റെ സിനിമാവിഷ്കരണത്തിലാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed