ഹരിദാസന്റെ കൊലപാതകം; നാല് പേർ അറസ്റ്റിൽ

കണ്ണൂർ തലശ്ശേരിയിൽ സിപിഐഎം പ്രവർത്തകൻ ഹരിദാസനെ കെലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ. ബിജെപി − ആർ എസ്എസ് പ്രവർത്തകരായ വിമിൻ, അമൽ മനോഹരൻ, സുമേഷ്, ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വിവാദ പ്രസംഗം നടത്തിയ ബിജെപി കൗൺസിലറാണ് അറസ്റ്റിലായ ലിജേഷ്. ഗൂഢാലോചന കുറ്റം ചുമത്തിയാണ് അറസ്റ്റ്. അന്ന് ഉണ്ടായ തർക്കത്തിന് ശേഷമുള്ള സംഘർഷത്തിൽ നേരിട്ട് പങ്കെടുത്തവരാണ് പ്രാഥമിക ചോദ്യം ചെയ്യലിൽ അറസ്റ്റിലായത്. ഇവർ ഇപ്പോൾ മാഹി പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്.
നാല് പേരും പ്രദേശത്തെ സജീവ ആർഎസ്എസ് പ്രവർത്തകരും ക്ഷേത്രകമ്മിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമാണ്. ഇവർ തന്നെയാണ് കൊലപാതകത്തിന് ഗൂഡാലോചന നടത്തിയെന്നാണ് പൊലീസ് നിഗമനം. കൊലപാതകത്തിലെ പ്രധാന പ്രതികളിലേക്കെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇവരെ കുറിച്ചുള്ള വിവരം ലഭിച്ചെന്നും അറസ്റ്റ് ഇന്നുണ്ടാകുമെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കണ്ടെത്താൻ സാധിച്ചിട്ടില്ല. അതേസമയം ഇന്നലെ കസ്റ്റഡിയിലായവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇവർക്ക് നേരിട്ട് കൊലപാതകത്തിൽ പങ്കുണ്ടോ എന്നാണ് പൊലീസിന്റെ അന്വേഷണം.
ഇന്നലെ പുലർച്ചെ ഒന്നരയോടെയാണ് പുന്നോൽതാഴെവയൽ കൊരന്പിൽ താഴെക്കുനിയിൽ ശ്രീമുത്തപ്പൻ വീട്ടിൽ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത്. കടലിൽ പോയി മടങ്ങിയെത്തിയ ഹരിദാസനെ വീട്ടുകാരുടെ മുന്നിൽവെച്ചാണ് വകവരുത്തിയത്. ആക്രമണത്തിൽ ഹരിദാസിന്റെ ഇടതുകാൽ അറുത്തു വലിച്ച് എറിഞ്ഞിരുന്നു. ശരീരത്തിൽ ഇരുപതിലേറെ വെട്ടേറ്റിരുന്നു.