എ.എൻ.ഷംസീർ എംഎൽഎയുമായി നല്ല ബന്ധം; ഭരണ-പ്രതിപക്ഷ എംഎൽഎമാരുമായി തർക്കങ്ങളൊന്നും ഇല്ല

തിരുവനന്തപുരം: എംഎൽഎമാർ കരാറുകാർക്കൊപ്പം മന്ത്രിമാരെ കാണാൻ വരുന്നതുമായി ബന്ധപ്പെട്ട പ്രതികരണവും വിവാദവും അടഞ്ഞ അധ്യായമാണെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. വിഷയത്തിൽ പാർട്ടി ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. എ.എൻ.ഷംസീർ എംഎൽഎയുമായി തനിക്ക് നല്ല വ്യക്തിബന്ധമുണ്ട്. ഭരണ-പ്രതിപക്ഷ എംഎൽഎമാരുമായി തർക്കങ്ങളൊന്നും ഇല്ലെന്നും മന്ത്രി പറഞ്ഞു.
നേരത്തെ നിയമസഭയിലാണ് കരാറുകാരെ കൂട്ടി എംഎൽഎമാർ മന്ത്രിയെ കാണാൻ വരരുതെന്ന് റിയാസ് പറഞ്ഞത്. പിന്നീട് നിയമസഭാ അംഗങ്ങളുടെ യോഗത്തിൽ ഷംസീർ മന്ത്രിക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചുവെന്നും പിന്നാലെ റിയാസ് ഖേദം രേഖപ്പെടുത്തിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇതിന് ശേഷവും പരസ്യമായി നിലപാടിൽ മന്ത്രി ഉറച്ചുനിന്നതോടെ വിഷയത്തിൽ പാർട്ടി ഇടപെടുകയായിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് പുറമേ മുഖ്യമന്ത്രിയും മന്ത്രി റിയാസിന്‍റെ നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു.