നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വർഷമായി അർബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ശരണ്യയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി.
രോഗാവസ്ഥ നിരന്തരം വേട്ടയാടുന്പോൾ ചികിത്സ ലഭ്യമാക്കാൻ ശരണ്യ നേരിടുന്ന സാന്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാർത്തയായിരുന്നു. സാമൂഹ്യപ്രവർത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു.
കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്. കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു സ്കൂളിംഗ്. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്.