സ്വർണക്കടത്ത് കേസ്: റമീസിന്‍റെ വാഹനാപകടത്തിനിടയാക്കിയ കാർ ഡ്രൈവറും മരിച്ചു


കണ്ണൂർ: സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കേ മരിച്ച റമീസിന്‍റെ വാഹനാപകടത്തിനിടയാക്കിയ കാർ ഓടിച്ച യുവാവും മരിച്ചു. തളാപ്പ് സ്വദേശി പി.വി അശ്വിൻ (41) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് അശ്വിനെ ഞായറാഴ്ച വൈകിട്ട് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് രാവിലെ രക്തം ഛർദ്ദിച്ചതിന് പിന്നാലെയാണ് യുവാവ് മരിച്ചത്. ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സ്വർണ കടത്ത് കേസിലെ മുഖ്യകണ്ണി അർജുൻ ആയങ്കിയുടെ സുഹൃത്ത് റമീസ് ജൂലൈ 23−നാണ് വാഹനാപകടത്തിൽ മരിച്ചത്. റമീസ് ഓടിച്ചിരുന്ന ബൈക്കിൽ അശ്വിൻ ഓടിച്ച കാർ ഇടിക്കുകയായിരുന്നു. സംഭവം വാർത്താപ്രാധാന്യം നേടിയതോടെ റമീസിനെ അറിയില്ലെന്ന വിശദീകരണം അശ്വിൻ നൽകിയിരുന്നു. അശ്വിന്‍റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. ഓസ്ട്രേലിയയിൽ ജോലി ചെയ്തിരുന്ന അശ്വിൻ നാട്ടിൽ അവധിക്ക് എത്തിയതാണ്. ബന്ധുവിനെ ആശുപത്രിയിൽ കാണിച്ച് അശ്വിൻ മടങ്ങുന്നതിനിടെയാണ് റമീസ് മരിക്കാനിടയായ അപകടം നടന്നത്.

You might also like

  • Straight Forward

Most Viewed