കേരളത്തിൽ പക്ഷിപ്പനി കോഴിക്കോട് 300 കോഴികൾ ചത്തു


കോഴിക്കോട്: സംസ്ഥാനത്തും പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് റിപ്പോർട്ട്. കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് കാളങ്ങാലിയിൽ സ്വകാര്യ കോഴി ഫാമിലെ 300 കോഴികൾ ചത്തു. ഇവയുടെ സാമ്പിളുകൾ തിരുവനന്തപുരം, ആലപ്പുഴ ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ ഒരു ലാബിൽ നിന്നും പോസിറ്റീവ് ഫലമാണ് ലഭിച്ചിരിക്കുന്നത്. കൂടുതൽ സ്ഥിരീകരണത്തിനായി സാമ്പിളുകൾ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്.

ജൂലൈ 20-നാണ് കോഴികൾ ചത്തത്. സാമ്പിൾ ഫലം പോസിറ്റീവായതോടെ 10 കിലോമീറ്റർ ചുറ്റളവിലെ കോഴി ഫാമുകൾ എല്ലാം അടയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തിൽ അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. നിലവിൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ നിലപാട്. ഒരിടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ് ദിവസം രാജ്യത്ത് ആദ്യ പക്ഷിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു. ഹരിയാന സ്വദേശിയായ 12 വയസുകാരനാണ് മരിച്ചത്. ഡൽഹി എയിംസിൽ ചികിത്സയിലായിരുന്ന കുട്ടിക്ക് ലുക്കീമിയയും ന്യൂമോണിയയും ബാധിച്ചിരുന്നു. പൂനെ വയറോളജി ഇസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് പക്ഷിപ്പനി വൈറസായ എച്ച് 5 എൻ 1 സ്ഥിരീകരിച്ചത്. കുട്ടിയുമായി സമ്പർക്കമുള്ള ആശുപത്രി ജീവനക്കാരനെ നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed