ഉതൃട്ടാതി ജലമേളയും വള്ളസദ്യയും നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനമായി


പത്തനംതിട്ട: കൊറോണയുടെ പശ്ചാത്തലത്തിൽ ആറന്മുള ഉതൃട്ടാതി ജലമേള, തിരുവോണത്തോണി വരവേൽപ്പ്, വള്ളസദ്യ ചടങ്ങുകൾ നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. തിരുവോണ തോണിയിലും അകമ്പടി സേവിക്കുന്ന പള്ളിയോടങ്ങളിലും 40 പേരെ മാത്രമേ പങ്കെടുപ്പിക്കൂ. പൊതുജനങ്ങൾക്ക് ചടങ്ങുകളിൽ പ്രവേശനം അനുവദിക്കില്ല.

ഓഗസ്റ്റ് 21 ന് തിരുവോണ തോണി വരവേൽപ്പ് ആചാരപരമായി 40 പേരെ പങ്കുടുപ്പിച്ചുകൊണ്ട് നടത്തും. കഴിഞ്ഞ വർഷം 20 പേർമാത്രമാണ് തോണിയിൽ പ്രവേശിച്ചിരുന്നത്. തിരുവോണ തോണിക്ക് അകമ്പടി സേവിക്കുന്നതിനായി 3 മേഖലയിൽ നിന്ന് ഓരോ പള്ളിയോടങ്ങൾ എന്ന ക്രമത്തിൽ 3 പള്ളിയോടങ്ങളെ പങ്കെടുക്കാൻ അനുവദിക്കും. ഓരോ പള്ളിയോടത്തിലും 40 പേർ വീതമേ പങ്കെടുക്കൂ. പള്ളിയോടത്തിലും തിരുവോണത്തോണിയിലും പങ്കെടുക്കുന്നവർ ഒരു ഡോസ് കൊറോണ വാക്സിനെങ്കിലും എടുത്തിരിക്കുകയും ഇതിന് പുറമേ ആർടിപിസിആർ പരിശോധനയയിൽ നെഗറ്റീവാണെന്ന് ഉറപ്പാക്കുകയും വേണം.
രണ്ട് ഡോസ് വാക്സിൻ എടുത്തവർക്ക് ഇത് ബാധകമല്ല. ഉതൃട്ടാതി ജലമേള ഓഗസ്റ്റ് 25ന് 3 പള്ളിയോടങ്ങൾ പങ്കെടുത്തുകൊണ്ട് ജലഘോഷയാത്രയായി നടത്തും. ഇവർക്ക് ക്ഷേത്രക്കടവിൽ വെറ്റപുകയില, മാല, അവൽ, പ്രസാദം എന്നിവ നൽകി പള്ളിയോട സേവാസംഘം സ്വീകരിക്കും. മത്സര വള്ളം കളി ഇക്കുറി ഉണ്ടാവില്ല.
ജലമേളയുടെ നടത്തിപ്പ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനങ്ങൾ. പള്ളിയോട സേവാസംഘം ഭരണ സമിതി തെരഞ്ഞെടുപ്പ് ആഗസ്റ്റ് ആദ്യം നടത്താനും പുതിയ സമിതിയുടെ നേതൃത്വത്തിൽ ആഗസ്റ്റ് 15ഓടെ വീണ്ടും യോഗം ചേർന്ന് അഷ്ടമി രോഹിണി വള്ളസദ്യ, വള്ളസദ്യ വഴിപാട് എന്നിവയുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനം എടുക്കും.
എല്ലാചടങ്ങുകളിലും നിശ്ചയിക്കപ്പെട്ടവർക്ക് മാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളു. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവില്ല.

You might also like

Most Viewed