അഫ്ഗാൻ സൈനിക മേധാവി ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലേക്ക്


ന്യൂഡൽഹി : അഫ്ഗാനിൽ താലിബാൻ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ സൈനിക മേധാവി ഇന്ത്യയിലേക്ക്. ജനറൽ വാലി മുഹമ്മദ് അഹമദ്‌സായി ഈ മാസം 27 ന് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതിരോധ വൃത്തങ്ങൾ അറിയിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. പ്രതിരോധ സഹകരണം മികച്ചതാക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യമെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിൽ എത്തുന്ന വാലി മുഹമ്മദ് കരസേന മേധാവി ജനറൽ എംഎം നരവനെയുമായും, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായും ചർച്ച നടത്തും.

താലിബാനെതിരെ സൈനിക ശക്തി വർദ്ധിപ്പിക്കുന്നതിന് അദ്ദേഹം ഇന്ത്യയുടെ സഹായം തേടുമെന്നും സൂചനയുണ്ട്. മെയ് ഒന്നിന് അമേരിക്കൻ സൈന്യം പിൻവാങ്ങാൻ ആരംഭിച്ചതോടെ അഫ്ഗാൻ സൈന്യത്തിനെതിരായ ആക്രമണം താലിബാൻ വർദ്ധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയുടെ സഹായത്തോടെ തിരിച്ചടിക്കാനും അഫ്ഗാൻ ലക്ഷ്യമിടുന്നുണ്ട്.
സൈനിക മേധാവിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ഇന്ത്യൻ സന്ദർശനമാണ് വാലി മുഹമ്മദിന്റേത്. കഴിഞ്ഞ മാസമാണ് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗാനി വാലി മുഹമ്മദിനെ സൈനിക മേധാവിയായി നിയമിച്ചത്. അഫ്ഗാനിസ്താനിൽ താലിബാൻ ഭീകരാക്രമണങ്ങൾ ശക്തമായി തുടരുന്ന സാഹചര്യത്തിൽ സൈനിക മേധാവിയുടെ ഇന്ത്യൻ സന്ദർശനം നിർണായകമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed