കുറ്റ്യാടി സീറ്റിലെ തർക്കം: കുഞ്ഞമ്മദ് കുട്ടി എംഎൽഎക്കെതിരെ സിപിഎം നടപടി


കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജന തർക്കവും പ്രതിഷേധ പ്രകടനങ്ങളുമായി ബന്ധപ്പെട്ട് കുറ്റ്യാടി എംഎൽഎ കെ.പി. കുഞ്ഞമ്മദ് കുട്ടിക്കെതിരെ സിപിഎം നടപടി. ജില്ല സെക്രട്ടേറിയറ്റിൽനിന്ന് ജില്ല കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. കഴിഞ്ഞ ദിവസം ചേർന്ന ജില്ല സെക്രട്ടേറിയറ്റിന്‍റെയും ജില്ല കമ്മിറ്റിയുടെയും തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് അംഗീകാരത്തിന് അയച്ചിരിക്കയാണ്. ഈ മാസം ഒന്പത്, പത്ത് തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി വിഷയത്തിൽ തീരുമാനമെടുക്കുമെന്നാണ് സൂചന. കുഞ്ഞമ്മദ് കുട്ടിയുടെ സ്ഥാനാർഥി മോഹമാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്നാണ് ജില്ല കമ്മിറ്റി വിലയിരുത്തൽ. നടപടിക്കെതിരെ കുഞ്ഞമ്മദ് അപ്പീൽ നൽകിയിട്ടുണ്ട്. എന്നാൽ പാർട്ടി നടപടിയോട് പ്രതികരിക്കാൻ കുഞ്ഞമ്മദ് തയാറായിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കേരള കോൺഗ്രസ് എമ്മിന് നൽകിയിരുന്നു. പിന്നീട് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കാൻ അണികൾക്കിടയിൽ നിന്നും വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കുറ്റ്യാടി സീറ്റ് സിപിഎം ഏറ്റെടുക്കുകയായിരുന്നു.

You might also like

Most Viewed