സ്വർണക്കടത്ത്: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കസ്റ്റംസ്. സരിത്തിനേയും സ്വപ്നേയും കരുക്കളാക്കി യുഎഇ കോൺസൽ ജനറൽ സംസ്ഥാനത്തെ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചുവെന്ന് കസ്റ്റംസ് വെളിപ്പെടുത്തി. കോണ്‍സൽ ജനറൽ ജമാൽ ഹുസൈൻ അൽ സാബി, അറ്റാഷെ റാഷിദ് ഖാമിസ്, ചീഫ് അക്കൗണ്ടന്‍റ് ഖാലിദ് എന്നീ പ്രതികൾക്ക് കസ്റ്റംസ് നൽകിയ ഷോക്കോസ് നോട്ടീസിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. കള്ളക്കടത്ത് സംഘത്തിന് മന്ത്രിമാർ അടക്കമുള്ളവരുമായി ബന്ധമുണ്ട്. മന്ത്രിമാരുമായി അടുപ്പം വേണമെന്ന് കോണ്‍സൽ ജനറൽ സരിത് അടക്കമുള്ള പ്രതികളോട് ആവശ്യപ്പെട്ടിരുന്നതായും കസ്റ്റംസ് പറയുന്നു. മന്ത്രിമാരടക്കം കോണ്‍സുലേറ്റുമായി ഇടപെട്ടു.
വിദേശകാര്യമന്ത്രാലയമോ പ്രോട്ടോക്കോൾ ഓഫീസറോ ഇത് അറിഞ്ഞില്ലെന്നും കസ്റ്റംസ് പറയുന്നു. ഉന്നത പദവികൾ വഹിക്കുന്നവരിൽനിന്ന് ഗുരുതര ചട്ടലംഘനമുണ്ടായി. ഡോളറായി വിദേശത്തേക്ക് കൊണ്ടുപോയതിൽ ഉന്നതരുടേയും പണം ഉൾപെടുന്നു. കുറ്റപത്രത്തിന് മുന്നോടിയായി 53 പേർക്കാണ് കസ്റ്റംസ് നോട്ടീസ് നൽകിയത്. നോട്ടീസിൽ സർക്കാരിനെതിരെയും ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. കോൺസൽ ജനറലിന് പ്രത്യേക സുരക്ഷ നൽകി. അതിനാൽ വിമാനത്താവളത്തിൽ പരിശോധനയുണ്ടായില്ല. ഈ സൗകര്യം കള്ളക്കടത്തിന് ഉപയോഗിച്ചു. കോൺസുലേറ്റിലെ നാല് ഉദ്യോഗസ്ഥർക്ക് വഴിവിട്ട് നയതന്ത്രപാസ് നൽകി. ഇതിനെല്ലാം ഇടനില നിന്നത് സ്വപ്ന സുരേഷാണെന്നും കസ്റ്റംസ് പറയുന്നു.



