കേരളത്തിൽ ഇന്ന് 13,832 പേർക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,832 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,08,734 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.72 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 171 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 10,975 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,172 പേർ രോഗമുക്തി നേടി. ഇതോടെ 1,29,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 25,75,769 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. പുതിയതായി 64 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. തിരുവനന്തപുരം 2234, കൊല്ലം 1592, എറണാകുളം 1539, മലപ്പുറം 1444, പാലക്കാട് 1365, തൃശൂർ 1319, കോഴിക്കോട് 927, ആലപ്പുഴ 916, കോട്ടയം 560, കാസർഗോഡ് 475, കണ്ണൂർ 442, പത്തനംതിട്ട 441, ഇടുക്കി 312, വയനാട് 266 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 82 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,986 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 700 പേരുടെ സന്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,45,000 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടില്ല. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവിൽ ആകെ 880 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.