സ്വർണക്കടത്ത് കേസ്; ജുഡീഷ്യൽ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാൻ എൻഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ സംസ്ഥാന സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്നും ആരോപണം. അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവുമായി ഇഡി ഉദ്യോഗസ്ഥർ കൂടിയാലോചന നടത്തി.
സമാന്തര അന്വേഷണം അനുവദിക്കാന്‍ ആകില്ല. ഹൈക്കോടതി വിധിക്ക് എതിരാണ് സർക്കാർ നടപടി. അടുത്താഴ്ച കോടതിയെ സമീപിക്കുമെന്നും വിവരം. ക്രൈംബ്രാഞ്ച് നേരത്തെ കേസ് അന്വേഷിച്ചപ്പോൾ ഹൈക്കോടതി തടഞ്ഞിരുന്നു. പ്രതികൾക്ക് അതൃപ്തിയുണ്ടെങ്കിൽ വിചാരണ ഘട്ടത്തിൽ കോടതിയെ അറിയിക്കാമെന്നും ഇഡി.
കഴിഞ്ഞ ദിവസം കേന്ദ്ര ഏജൻസികൾക്കെതിരായ അന്വേഷണത്തിൽ ജുഡീഷൽ കമ്മീഷൻ തെളിവുകൾ തേടിയിരുന്നു. സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇതുമായി ബന്ധപ്പെട്ട് വ്യക്തികൾ, സംഘടനകൾ എന്നിവരിൽ നിന്നും വിവരം തേടാൻ ജുഡീഷൽ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റീസ് വി.കെ മോഹനൻ പത്രപരസ്യം നൽകിയത്.