സൗമ്യ സന്തോഷിന്‍റെ മൃതദേഹം നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു

ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്‍റെ മൃതദേഹം നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിച്ചു. വിമാനത്താവളത്തിൽ സൗമ്യയുടെ ഭർത്താവ് സന്തോഷ് ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി. ഇവിടെനിന്നും സ്വദേശമായ ഇടുക്കി കിരീത്തോട്ടിലേക്ക് ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയി. എംപി ഡീൻ കുര്യാക്കോസ് അടക്കം രാഷ്ട്രീയ നേതാക്കളും നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിയിരുന്നു.
പുലർച്ചെ നാലരയോടെഇസ്രയേലിൽ നിന്നുള്ള പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വൈകുന്നേരത്തോടെയാണ് കൊച്ചിയിൽ കൊണ്ടുവന്നത്. ഞായറാഴ്ചയാണ് സംസ്കാരം. ഇസ്രയേൽ− പാലസ്തീൻ സംഘർഷത്തിനിടെ ചൊവ്വാഴ്ചയാണ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഭർത്താവും മകനും നാട്ടിലാണ്.