ആർടിപിസിആർ നിരക്ക് 500 തന്നെ; സ്വകാര്യ ലാബുകളുടെ ഹർജി തള്ളി ഹൈക്കോടതി

കൊച്ചി: കോവിഡ് കണ്ടെത്തുന്നതിന് നടത്തുന്ന ആർടിപിസിആർ പരിശോധനയുടെ നിരക്ക് 500 രൂപയാക്കി കുറച്ച സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചു. നിരക്ക് കുറച്ചത് ചോദ്യം ചെയ്ത് ലാബ് ഉടമകൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആർടിപിസിആർ പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപ വരെ മാത്രമേ ചെലവ് വരുന്നുള്ളൂ എന്നും അതിനാൽ ലാബ് ഉടമകളുടെ വാദം തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനാ നിരക്ക് 1,700 രൂപയിൽ നിന്നും 500 രൂപയായാണ് സർക്കാർ കുറച്ചത്. ഈ നിരക്കിൽ പരിശോധന നടത്താൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ലാബ് ഉടമകൾ. എന്നാൽ സർക്കാർ വിട്ടുവീഴ്ചയ്ക്ക് തയാറായില്ല. പിന്നാലെയാണ് പത്തോളം ലാബ് ഉടമകൾ ചേർന്ന് ഹൈക്കോടതിയെ സമീപിച്ചത്.